07 November, 2020 02:19:26 PM


'കോവിഡൊക്കെ എന്ത്? വോട്ടല്ലെ പ്രധാനം?'; നിയന്ത്രണങ്ങള്‍ ലംഘിച്ച് മോക്ക് പോള്‍



കോട്ടയം: കോവിഡ് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ അധികൃതര്‍ പോലും തയ്യാറാവുന്നില്ലെന്ന അവസ്ഥയാണ് ഇന്ന് നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂര്‍ നഗരസഭയില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഗ്രൂപ്പ് ഫോട്ടോ എടുത്തത് വിവാദമാകുകയും സെക്രട്ടറിയോട് ജില്ലാ കളക്ടര്‍ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.  ഇപ്പോള്‍ അത്തരമൊരു സാഹചര്യമാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന ജില്ലാ  ഇ. വി. എം വെയർഹൗസിലും നടന്നത്.


തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന് സജ്ജമാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയുടെ ഭാഗമായി ഏറ്റുമാനൂരിലെ  ഇ. വി. എം വെയർഹൗസിൽ നടത്തിയ മോക്ക് പോളിനിടെയണ് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും ലംഘിച്ചത്. ആളുകള്‍ കൂട്ടം കൂടരുതെന്നും സാമൂഹിക അകലം പാലിക്കണമെന്നും മുഖാവരണം നിര്‍ബന്ധമായും ധരിക്കണമെന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു ഇവിടെ മോക്ക് പോള്‍ നടന്നത്.


മോക്ക്പോളില്‍ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളാണ് പ്രധാനമായും വോട്ട് രേഖപ്പെടുത്തിയത്. കയ്യുറകളും മുഖാവരണങ്ങളും ധരിച്ചിട്ടുണ്ടെങ്കിലും ചിലര്‍ മുഖാവരണം കഴുത്തിന് അലങ്കാരമായി മാറ്റി മുഖത്തുനിന്നും താഴ്ത്തിയിട്ടു. ഉദ്യോഗസ്ഥരും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെടെ പത്തിലധികം ആളുകള്‍ സാമൂഹിക അകലം പാലിക്കാതെയാണ് പരിപാടിയില്‍ പങ്കെടുത്തത്. 


കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍തന്നെ നിയന്ത്രങ്ങള്‍ കാറ്റില്‍ പറത്തുന്ന ഇത്തരം കാഴ്ചകളാണ് കാണുന്നത്. ഇങ്ങനെ പോയാല്‍ തിരഞ്ഞെടുപ്പ് കോവിഡ് വ്യാപനത്തിന് വേദിയായി മാറുമോ എന്ന ആശങ്കയും ജനങ്ങളില്‍ ഉടലെടുക്കുന്നുണ്ട്.


കഴിഞ്ഞ ദിവസം ഗ്രൂപ്പ് ഫോട്ടോ എടുത്തവരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവായതിനെതുടര്‍ന്ന് ക്വാറന്‍റീന്‍ നിര്‍ദ്ദേശിക്കപ്പെട്ട നഗരസഭാ അംഗങ്ങളില്‍ ചിലര്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഗൃഹസന്ദര്‍ശനവും മറ്റുമായി പുറത്തിറങ്ങി നടക്കുന്നതായി ആരോപണവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K