04 November, 2020 09:38:42 PM


'വേര്‍പിരിയലിന്‍റെ വേദനയില്‍' ഫോട്ടോ ഷൂട്ട്: മാനദണ്ഡങ്ങള്‍ കാറ്റില്‍ പറന്നു; ഒരാള്‍ക്ക് കോവിഡ്



ഏറ്റുമാനൂർ: വേർപിരിയലിന്‍റെ "വേദന"യിൽ ഒരുമിച്ചിരുന്ന് ഒരു ഫോട്ടോ എടുക്കാൻ കോവിഡ് മാനദണ്ഡങ്ങൾ തൽക്കാലത്തേക്ക് ഒന്ന് മാറ്റിവച്ചു. മുഖത്തിന്‍റെ സൌന്ദര്യം ചിത്രത്തില്‍ പതിയാന്‍ മുഖാവരണമങ്ങ് മാറ്റി എല്ലാവരും. സാമൂഹികഅകലം എന്നത് കാറ്റില്‍ പറത്തി ഇടിച്ചിടിച്ച് നിന്ന് ഫോട്ടോയും എടുത്തു. പിന്നാലെ, വെള്ളിടിയായി ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത ഒരാൾക്ക് കോവിഡും  സ്ഥിരീകരിച്ചു.


കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ട ഏറ്റുമാനൂർ നഗരസഭയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് ഇത്തരം ഒരു 'സീന്‍' സൃഷ്ടിച്ച് സ്വയം കുരുക്കില്‍  വീണത്. ഫോട്ടോ ഷൂട്ടിൽ പങ്കെടുത്ത സ്ഥിരം സമിതി അധ്യക്ഷരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതോടെ മറ്റു നഗരസഭ അംഗങ്ങളും സെക്രട്ടറിയും ക്വാറന്‍റീനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ കോവിഡ് പോസിറ്റീവ് ആയ അംഗത്തോട് അടുത്ത് ഇടപഴകിയ 15ഓളം  പേർ മാത്രം  ക്വാറന്‍റീനില്‍ പ്രവേശിച്ചാല്‍ മതിയെന്ന് അംഗങ്ങള്‍ സ്വയം അങ്ങ് തീരുമാനിച്ചു. 


ഭരണസമിതിയുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിങ്കളാഴ്ച നടന്ന നഗരസഭ കൗൺസിൽ യോഗത്തിനു ശേഷമായിരുന്നു ഫോട്ടോ ഷൂട്ട്. ഗ്രൂപ്പ് ഫോട്ടോ എടുത്തതിനു ശേഷം എല്ലാ അംഗങ്ങൾക്കും നഗരസഭ അധ്യക്ഷൻ മെമന്‍റോയും വിതരണം ചെയ്തു. പങ്കാളിയ്ക്ക് കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആന്‍റിജന്‍ പരിശോധന നടത്തിയപ്പോള്‍ ഒപ്പം കൌണ്‍സിലറും പരിശോധിക്കുകയായിരുന്നു. ഫലം വന്നപ്പോള്‍ ഇരുവര്‍ക്കും പോസിറ്റീവ്. 


ആകെ 35 അംഗങ്ങളാണ് നഗരസഭയിൽ ഉള്ളത്. ഇതിൽ പ്രഥമചെയര്‍മാന്‍ ജയിംസ് തോമസ് ഉള്‍പ്പെടെ 4 അംഗങ്ങള്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുത്തിരുന്നില്ല. സെക്രട്ടറിയും 31 അംഗങ്ങളും ഉള്‍പ്പെടെ 32 പേരാണ് ചിത്രത്തില്‍ ഉള്ളത്. ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങൾ നഗരസഭ അംഗങ്ങൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ കൌണ്‍സിലര്‍മാരുടെ ഈ പ്രവൃത്തിയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. നഗരസഭയുടെ കീഴില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സെക്ടറല്‍ മജിസ്ട്രേറ്റുമാരും ഈ നടപടിക്കു മുന്നില്‍ കണ്ണടച്ചോ എന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K