28 October, 2020 04:30:10 PM


ക്ഷേത്രത്തിനുള്ളില്‍ മേല്‍ശാന്തിയെ ഉടുതുണി ഉരിഞ്ഞ് മര്‍ദ്ദിച്ചു; നാല് പേര്‍ക്കെതിരെ കേസ്



കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മധുരമീനാക്ഷി ക്ഷേത്രത്തിലെ മേൽശാന്തിയെ ക്ഷേത്രത്തിനുള്ളില്‍ കയറി മര്‍ദ്ദിച്ചു. എണ്ണവ്യാപാരവുമായി ബന്ധപ്പെട്ട് ഉണ്ടായ അഭിപ്രായവ്യത്യാസത്തെതുടര്‍ന്നാണ് മുൻ ഉപദേശക സമിതിയംഗങ്ങള്‍ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മേല്‍ശാന്തിയുടെ ഉടുതുണി ഉരിഞ്ഞുകളയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പരിക്കേറ്റ മേല്‍ശാന്തി ചിറക്കടവ് സ്വദേശി ശ്രീനിവാസന്‍ നമ്പൂതിരി കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. തന്നെ മര്‍ദ്ദിക്കുന്ന രംഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മേല്‍ശാന്തിയെ ക്ഷേത്രത്തിനുചുറ്റും ഓടിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ക്ഷേത്രശ്രീകോവിലിനടുത്തേക്ക് ഓടികയറിയാണ് മേല്‍ശാന്തി രക്ഷപെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.  


മുണ്ടക്കയം ഗ്രൂപ്പിലെ മധുര മീനാക്ഷി ക്ഷേത്രത്തില്‍ എണ്ണ കച്ചവടത്തിനുള്ള അവകാശം കഴിഞ്ഞ വർഷം ലേലത്തില്‍ പിടിച്ചിരുന്നത് ഒരു സ്ത്രീ ആയിരുന്നു. ഈ വർഷം സാമ്പത്തികം ഇല്ലെന്നു പറഞ്ഞു അവര്‍ ലേലത്തില്‍നിന്നു പിന്മാറിയത്രേ. തുടര്‍ന്ന് ദേവസ്വത്തിൽ നിന്ന് പിരിഞ്ഞ ചന്ദ്രൻ എന്നയാള്‍ ലേലം പിടിച്ചു. അതിന്‍റെ വൈരാഗ്യത്തിൽ കമ്മറ്റിക്കാർ ആ സ്ത്രീയ്ക്ക് പുറത്തു കട ഇട്ട് കൊടുത്തു. ലേലം പിടിച്ച ആളുടെ അടുത്ത് നിന്ന് ആരും എണ്ണ മേടിക്കാതെയുമായി. ക്ഷേത്രത്തില്‍ വരുന്ന ഭക്തജനങ്ങളോട് ലേലം പിടിച്ച ആളിനോട് എണ്ണ വാങ്ങണമെന്ന് മേല്‍ശാന്തി പറഞ്ഞതാണത്രേ കാലാവധി കഴിഞ്ഞ ഉപദേശകസമിതി അംഗങ്ങളെ പ്രകോപിച്ചത്.



പുറത്ത് എണ്ണക്കട ഇട്ടിരിക്കുന്ന സ്ത്രീയും ചേര്‍ന്നാണ് മേൽശാന്തിയെ ആക്രമിച്ചത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ശ്രീനിവാസന്‍ നമ്പൂതിരിയുടെ പരാതിയില്‍ സാബു, പ്രകാശ്, കണ്ടാലറിയാവുന്ന സ്ത്രീയും പുരുഷനും എന്നിവരെ പ്രതി ചേര്‍ത്ത് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. അതേസമയം തന്‍റെ അനുവാദമില്ലാതെ തന്‍റെ ചിത്രം മൊബൈലില്‍ പകര്‍ത്തി എന്നാരോപിച്ച് എണ്ണ കട നടത്തുന്ന സുഷമ എന്ന സ്തീ നല്‍കിയ പരാതിയില്‍ ശ്രീനിവാസന്‍ നമ്പൂതിരിക്കെതിരേയും കേസെടുത്തതായി പോലീസ് പറഞ്ഞു. 


പുതിയ ഉപദേശകസമിതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വീണ്ടും പഴയ ഭാരവാഹികള്‍ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നുമുള്ള പ്രചരണങ്ങള്‍ക്കിടെയാണ് സംഭവം. ഇവര്‍ ക്ഷേത്രത്തിലെ മറ്റ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മേല്‍ശാന്തിയെ മര്‍ദ്ദിച്ച നടപടിയില്‍ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന കമ്മറ്റി പ്രതിഷേധിച്ചു. മേല്‍ശാന്തിയുടെ പരാതിയില്‍ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു. അതേസമയം, ക്ഷേത്രത്തിലേക്കുള്ള വഴിപാട് സാധനങ്ങൾ വില്ക്കുന്ന സ്ത്രീയുടെ നേരെ അപമര്യാദയായി പെരുമാറിയതാണ് മേല്‍ശാന്തിയെ മര്‍ദ്ദിക്കാന്‍ കാരണമായി മുന്‍ ഉപദേശകസമിതി അംഗങ്ങള്‍ ചൂണ്ടികാട്ടുന്നത്. 


ക്ഷേത്രത്തിലേക്കുള്ള വഴിപാട് സാധനങ്ങൾ വില്ക്കുന്ന സ്ത്രീയുടെ കൂട്ടാളികള്‍ യാതൊരു പ്രകോപനവുമില്ലാതെ മേൽശാന്തിയേയും മറ്റു ജീവനക്കാരെയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്ന് ദേവസ്വം എംപ്ലോയീസ് സംഘ് ചൂണ്ടികാട്ടി. ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും മേലിൽ ക്ഷേത്രോപദേശക സമിതി അംഗങ്ങളാകുന്നതിൽ നിന്ന് അയോഗ്യരാക്കണമെന്നും സംഘടനയുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ഷേത്ര ജീവനക്കാർക്കു നേരേ മുൻപുണ്ടായിട്ടുള്ള അക്രമങ്ങളിൽ ദേവസ്വം ഉദ്യോഗസ്ഥരും, ബോർഡും ഉദാസീന നിലപാട് സ്വീകരിച്ചതിന്‍റെ ഫലമാണ് ഇപ്പോഴത്തെ അക്രമമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മേലുദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്നും ദേവസ്വം എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.ആർ.കണ്ണൻ പ്രസ്താവനയിൽ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K