25 October, 2020 12:59:03 PM


ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം; നെടുംകുന്നത്ത് കിണറുകളിൽ ജലനിരപ്പ് താഴ്ന്നു



ചങ്ങനാശ്ശേരി: ഭൂമിക്കടിയിൽ നിന്നും തുടർച്ചയായി മുഴക്കമുണ്ടായ നെടുംകുന്നം മേഖലയില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പരിശോധന നടത്തി. ജില്ലാ ജിയോളജിസ്റ്റ് ഡോ.ബി.അജയകുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രദേശത്തെ ചില കിണറുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതായി പരിശോധനയില്‍ കണ്ടെത്തി.  3 ദിവസത്തിനുള്ളിൽ 2 തവണയാണ് നെടുംകുന്നത്ത് ഭൂമികുലുക്കത്തിന് സമാനമായ പ്രകമ്പനം ഉണ്ടായത്.  


പ്രകമ്പനം കൂടുതൽ അനുഭവപ്പെട്ടത് പാറയ്ക്കൽ ഭാഗത്താണ്. കൊഴുങ്ങാലൂർ ചിറ, പാറയ്ക്കൽ, മാനങ്ങാടി, ചേലക്കൊമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളിലും കിണറുകളിലും സംഘം പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് 6.15നും ചൊവ്വാഴ്ച രാവിലെ 8.42നും ഭൂചലനത്തിനു സമാനമായ ശബ്ദം ചില കേന്ദ്രങ്ങളിൽ അനുഭവപ്പെട്ടിരുന്നു. ഒരാഴ്ച മുൻപ് രാത്രി 8.30നും ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടിരുന്നു. വിശദമായ പരിശോധനാ റിപ്പോർട്ട് അടുത്ത ദിവസം തന്നെ സംഘം ജില്ലാ കലക്ടർക്ക് സമർപ്പിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K