22 October, 2020 07:15:38 PM


കോവിഡ് കാലം പിന്നിടുന്നതോടെ ടൂറിസം മേഖലയില്‍ വളര്‍ച്ചയുണ്ടാകും- മുഖ്യമന്ത്രി



കോട്ടയം: കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതോടെ വലിയ മുന്നേറ്റമുണ്ടാക്കാന്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെട്ട മീനച്ചില്‍ റിവര്‍ വ്യൂ പാര്‍ക്കിന്റെയും ഗ്രീൻ ടൂറിസം കോംപ്ലക്‌സിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മറ്റു കേന്ദ്രങ്ങളിലെ 25 ടൂറിസം പദ്ധതികളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.


കോവിഡ് മൂലം ടൂറിസം മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി വളരെ വലുതാണ്. വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിനു പുറമേ ടൂറിസത്തിലൂടെയുള്ള  സംസ്ഥാനത്തിന്റെ  വരുമാനവും ഇല്ലാതായി.  കോവിഡ് മുക്തമാകുന്നതോടെ കേരളത്തിലേക്ക് സഞ്ചാരികളുടെ വരവ് വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. അതിനായി ടൂറിസം മേഖലയെ പര്യാപ്തമാക്കുന്നതിനാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിനിടയിലും പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍  വേഗത്തില്‍ പൂര്‍ത്തീകരിച്ചത്- അദ്ദേഹം പറഞ്ഞു. 


ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടര്‍ പി. ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇതോടനുബന്ധിച്ച് പാലാ ഗ്രീന്‍ ടൂറിസം കോംപ്ലക്‌സ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.പിമാരായ തോമസ് ചാഴികാടന്‍, ജോസ്.കെ.മാണി,  മാണി സി.കാപ്പന്‍ എം എല്‍ .എ, നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ഡോമിനിക്, വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, കൗണ്‍സിലര്‍ ബിജി ജോജോ, ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ട് സി.ഇഒ ജിജു ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K