22 October, 2020 07:09:43 PM


അണുനശീകരണ യജ്ഞത്തില്‍ ഇനി വൈക്കത്തെ കുടുംബശ്രീ പ്രവര്‍ത്തകരും



വൈക്കം: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായുള്ള അണുനശീകരണ യജ്ഞത്തില്‍ ഇനി വൈക്കം നഗരസഭയിലെ കുടുംബശ്രീ വനിതകളും പങ്കാളികളാകും. വൈക്കം  ബ്ലോക്കിലെ ആദ്യ ഡീപ് ക്ലീനിംഗ് ഡിസിന്‍ഫിക്ഷന്‍  സര്‍വീസ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം  പൂര്‍ത്തിയായി. ആറു പേരാണ് സംഘത്തിലുള്ളത്.


കോവിഡ് പ്രതിരോധ നടപടികള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍,  വാഹനങ്ങള്‍, കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍, ക്വാറന്റയ്ന്‍ കേന്ദ്രങ്ങള്‍, വീടുകള്‍, മാര്‍ക്കറ്റുകള്‍, മറ്റു പൊതു ഇടങ്ങള്‍ എന്നിവിടങ്ങളില്‍ ഇവർ അണുനശീകരണം നടത്തും. 


പരിശീലനത്തിന്റെ ഭാഗമായി വൈക്കം പോലീസ് സ്റ്റേഷനും നഗരസഭാ ഹാളും അണുവിമുക്തമാക്കി. മിതമായ നിരക്കില്‍ ഇവരുടെ സേവനം ലഭ്യമാകും. സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം സത്യഗ്രഹ സ്മാരക ഹാളില്‍ നഗരസഭാ ചെയര്‍മാന്‍ ബിജു വി. കണ്ണേഴത്ത് നിര്‍വഹിച്ചു. ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അംബരീഷ്  ജി വാസു  അധ്യക്ഷത വഹിച്ചു. എന്‍.യു.എല്‍.എം  സിറ്റി മിഷന്‍ മാനേജര്‍  സുനു ജോണ്‍ പങ്കെടുത്തു.    


ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി. പി  അജിത്ത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍  സന്ധ്യ ശിവന്‍, ഫയര്‍ ഫോഴ്‌സ്  വൈക്കം  യൂണിറ്റ് ഓഫീസര്‍  സജീവ്,  കുടുംബശ്രീ പരിശീലന സ്ഥാപനമായ  ആലപ്പുഴ ഏക്‌സാത്  ടീം എന്നിവരാണ്  പരിശീലന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കുടുംബശ്രീ ഡിസിൻഫെക്ഷൻ സർവീസ് ടീമിൻ്റെ സേവനത്തിന് 8943964958 എന്ന നമ്പറിൽ ബന്ധപ്പെടണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K