21 October, 2020 03:55:19 PM


ഏറ്റുമാനൂരിൽ ജൈവമാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി; ആദ്യഘട്ടം കോളനികള്‍ കേന്ദ്രീകരിച്ച്



ഏറ്റുമാനൂർ: നഗരസഭയിൽ ജൈവമാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി. റിംഗ് കമ്പോസ്റ്റ്, ബയോ ബിൻ, തുമ്പൂർമൂഴി മോഡൽ ബയോടെക് പ്ലാന്‍റ്, പ്ലാസ്റ്റിക് ബെയിലിങ് യൂണിറ്റ്, എം സി എഫ് എന്നീ പദ്ധതികളിലൂടെ  നഗരസഭ സമ്പൂർണ ജൈവ മാലിന്യ വിമുക്തനഗരസഭയാകുന്നു. പദ്ധതിയുടെ ഭാഗമായുള്ള ജൈവമാലിന്യം സംസ്കരിച്ചുവളമാക്കുന്ന തുമ്പൂർമൂഴി പ്ലാന്‍റ് പുന്നത്തുറ കറ്റോട് കുഴിക്കോട്ടാപ്പറമ്പ് കോളനിയിൽ ചെയർമാൻ ബിജു കുമ്പിക്കന്‍ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.പി മോഹൻദാസ് അധ്യക്ഷനായി.


വീടുകളിലെ ജൈവ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന രീതിയാണ് 'തുമ്പൂർമൂഴി മോഡൽ'. ആദ്യഘട്ടമെന്ന നിലയിൽ കോളനികളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് പദ്ധതി തുടങ്ങിയിരിക്കുന്നത്. സ്ഥലസൗകര്യമുള്ള വീടുകളിൽ റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു വരുന്നു. അടുത്തയാഴ്ച എല്ലാ വാർഡുകളിലും ബയോ ബിന്നുകളും വിതരണം ചെയ്യും. അടുത്ത ഘട്ടം എല്ലാ വീടുകളിലും ബയോ ബിന്നും റിംഗ് കമ്പോസ്റ്റും നൽകും ജനങ്ങൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ തുമ്പൂർമൂഴിയും സ്ഥാപിക്കും. നഗരത്തിലെ  ഹോട്ടലുകളിലെയും കശാപ്പുശാലകളിലെയും മത്സ്യ മാർക്കറ്റിലെയും മാലിന്യം സംസ്കരിക്കാൻ ബയോടെക് പ്ലാന്‍റ് പ്രവർത്തനസജ്ജമാക്കി.


ഹരിത കർമസേന വഴി പ്ലാസ്റ്റിക്ക്, ലെതർ, ട്യൂബ്, ബൾബ് തുടങ്ങിയ എല്ലാവിധ അജൈവ മാലിന്യങ്ങളും രേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുമെന്നും ഇതോടെ ഏറ്റുമാനൂർ സമ്പൂർണ മാലിന്യ മുക്തനഗരമാകുമെന്നും ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.പി മോഹൻദാസ് അറിയിച്ചു. കറ്റാട്ടിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻന്മാരായ ലൗലി ജോർജ്, സൂസന്‍ തോമസ്, വിജി ഫ്രാൻസിസ്, കൗൺസിലര്‍മാരായ ബോബൻ ദേവസ്യാ, ബിനീഷ് എം.വി., അനീഷ്‌ വി. നാഥ്, എച്ച് ഐ വി.കെ ബിനു, ജെ എച്ച് ഐ അഭിലാഷ് എന്നിവർ സംസാരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K