19 October, 2020 10:39:58 PM


കോവിഡ്: 6108 പേര്‍ക്കെതിരെ നടപടി; കോട്ടയത്ത്‌ 55 സെക്ടര്‍ ഓഫീസര്‍മാര്‍കൂടി

കോട്ടയം : കോവിഡ് സമ്പര്‍ക്ക വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ പരിശോധനാ സംവിധാനം കൂടുതല്‍ ശക്തമാക്കി.  രോഗപ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കുന്നതിനും വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുമായി നിയോഗിക്കപ്പെട്ട സെക്ടര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ എല്ലാ തദ്ദേശഭരണ സ്ഥാപന പരിധിയിലും പരിശോധന തുടര്‍ന്നുവരുന്നു.
നിലവിലുള്ള 94 പേര്‍ക്കു പുറമെ പുതിയതായി 55 പേരെക്കൂടി സെക്ടര്‍ ഓഫീസര്‍മാരായി നിയോഗിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.


എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അധികാരമുള്ള  സെക്ടര്‍ ഓഫീസര്‍മാര്‍ ഇതുവരെ 6108 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാതിരിക്കുകയോ ശരിയായ രീതിയില്‍ ധരിക്കാതിരിക്കുകയോ ചെയ്തതിന് മാത്രം 4316 പേര്‍ക്ക് പിഴയൊടുക്കേണ്ടിവന്നു. സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതിരുന്ന 949 വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെയും  സാമൂഹിക അകലം പാലിക്കാത്തതിന് 428 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. അനധികൃതമായി പൊതുസ്ഥലത്ത് കൂട്ടം ചേര്‍ന്നതിന് 132 കേസുകളെടുത്തു.


നിയന്ത്രണങ്ങള്‍ ലംഘിച്ച് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചതിന്-55, നിരോധനാജ്ഞാ ലംഘനം-33, റോഡില്‍ തുപ്പിയതിന്-21,  ക്വാറന്റയിന്‍ ലംഘനം-8, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പൊതു മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിച്ചതിന്-2, കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ വസ്തു വില്‍പ്പനശാലകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ തുറന്നതിന്-2 എന്നിങ്ങനെയാണ് വിവിധ വിഭാഗങ്ങളില്‍ നടപടി സ്വീകരിച്ചതിന്റെ കണക്ക്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K