16 October, 2020 04:44:29 PM


ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള ഉത്തരവിന് സ്‌റ്റേ



കൊച്ചി: ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് റദ്ദാക്കിയത്. ഭൂമി ഏറ്റെടുക്കലിനെതിരെ ബിലീവേഴ്‌സ് ചര്‍ച്ചിന് വേണ്ടി അയന ചാരിറ്റബിള്‍ ട്രസ്റ്റാണ് കോടതിയെ സമീപിച്ചത്. കേസ് തീര്‍പ്പാക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെയാണ് ട്രസ്റ്റ് കോടതിയെ സമീപിച്ചത്.


ശബരിമല വിമാനത്താവളത്തിനായി 2263 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് റവന്യൂ സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പാലാ കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ സര്‍ക്കാര്‍ നടപടി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.


പണം ഭൂമിയുടെ ഉടമസ്ഥാവകാശമുള്ളവര്‍ക്ക് നല്‍കുന്നതിന് പകരം കോടതിയില്‍ കെട്ടിവച്ചത് നിയമവിരുദ്ധമാണ്. കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഭൂമി ഏറ്റെടുക്കുന്നതും നിയമവിരുദ്ധമാണെന്ന് അയന ട്രസ്റ്റ് കോടതിയില്‍ ചൂണണ്ടിക്കാട്ടി. അതേസമയം എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഭൂമി സ്വന്തമാണെങ്കില്‍ നഷ്ടപരിഹാരം നല്‍കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഭൂമിയുടെ വിലയല്ല കാര്‍ഷിക വിളകളുടെ നഷ്ടപരിഹാരമാണ് നല്‍കുന്നത് എന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K