15 October, 2020 06:16:38 PM


സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പരിശോധന സജീവം; 1192 പേര്‍ക്കെതിരെ നടപടി



കോട്ടയം: കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനായി നിയോഗിക്കപ്പെട്ട സെക്ടര്‍ മജിസ്ട്രേറ്റുമാര്‍  കോട്ടയം ജില്ലയില്‍ എല്ലാ കേന്ദ്രങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കി. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇതുവരെ 1192 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് അനാവശ്യമായി കൂട്ടം ചേരുക, മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുക,  മാസ്ക് ധരിക്കാതിരിക്കുക, ശരിയായി ധരിക്കാതിരിക്കുക,വ്യാപാര സ്ഥാപനങ്ങളിലും മറ്റു സ്ഥലങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കാതിരിക്കുക, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പിഴയൊടുക്കേണ്ടിവന്നത്.


മാസ്ക് ധരിക്കാത്തതിനും ശരിയായ രീതിയില്‍ ധരിക്കാത്തിനുമായി 737 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ക്രമിനല്‍ നടപടി നിയമം 21 പ്രകാരം എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെ അധികാരത്തോടെയാണ് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി വിവിധ വകുപ്പുകളിലെ 94 ഗസറ്റഡ് ഓഫീസര്‍മാരെ സെക്ടര്‍ മജിസ്ട്രേറ്റുമാരായി നിയോഗിച്ചിരിക്കുന്നത്. പഞ്ചായത്ത് തലത്തില്‍ ഒരു സെക്ടര്‍ മജിസ്ട്രേറ്റിനും   മുനിസിപ്പാലിറ്റികളില്‍ വാര്‍ഡുകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ സെക്ടറുകള്‍ തിരിച്ചുമാണ് ചുമതല നല്‍കിയിരിക്കുന്നത്.


പ്രത്യേക വാഹനവും ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ സേവനവും റവന്യു വകുപ്പിന്‍റെ  സഹായവും ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൃത്യ നിര്‍വഹണത്തിനായി സ്വന്തം വകുപ്പിലെ വിഭവശേഷി പ്രയോജനപ്പെടുത്താനും അനുമതിയുണ്ട്. താലൂക്ക്തല ഇന്‍സിഡന്‍റ് റസ്പോണ്‍സ് സിസ്റ്റത്തിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ സെക്ടര്‍ മജിസ്ട്രേറ്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.


പൊതു സ്ഥലങ്ങള്‍, വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍, ഓഫീസുകള്‍, ബാങ്കുകള്‍, എ.ടി.എമ്മുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനവും പൊതുസ്ഥലങ്ങളില്‍ നിലവിലുള്ള നിരോധാനജ്ഞയുടെ ലംഘനവുമാണ് ഇവര്‍ പ്രധാനമായും പരിശോധിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ നോട്ടീസ് നല്‍കുന്നതിനും പിഴ ഇടാക്കുന്നതിനും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനുമുള്ള അധികാരം സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്കുണ്ട്. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് സെക്ടര്‍ മജിസട്രേറ്റുമാരെ അറിയിക്കാം.


പരിശോധനയ്ക്ക് കളക്ടറും; നിര്‍ദേശങ്ങള്‍ ലംഘിച്ചവരില്‍നിന്ന് പിഴ ഈടാക്കി


കോട്ടയം നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന നടത്തിയ പരിശോധനയില്‍ കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ നടപടി സ്വീകരിച്ചു. കളക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കി.


മാസ്ക് ധരിക്കാതിരുന്നതിന് കളക്ടറേറ്റിനു സമീപമുള്ള ബാങ്കിലെ മൂന്ന് ഇടപാടുകാര്‍ക്കും നാഗമ്പടത്തെ ബാങ്കിലെ മാനേജര്‍ക്കും ഒരു ജീവനക്കാരനും കഞ്ഞിക്കുഴിയിലെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനും പിഴയടയ്ക്കേണ്ടിവന്നു. സാമൂഹിക അകലം ഉറപ്പാക്കാത്തതിനും മാസ്ക് ധരിക്കാത്തതിനും കളക്ടറേറ്റിനു സമീപത്തെ രണ്ടു സ്ഥാപനങ്ങളില്‍നിന്നും ജീവനക്കാരില്‍ നിന്നും പിഴ ഈടാക്കി. 


നാഗമ്പടം പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലെ ക്രമീകരണങ്ങള്‍ വിലയിരുത്തിയ കളക്ടര്‍ സാമൂഹിക അകലം ഉറപ്പാക്കാതിരുന്നതിന് സമീപത്തെ സൂപ്പര്‍ മാര്‍ക്കറ്റിനും ചവിട്ടുവരിയിലെ മത്സ്യവ്യാപാര ശാലയ്ക്കും ശാസ്ത്രി റോഡിലെ വ്യാപാരസ്ഥാപനത്തിനുമെതിരെ നടപടി സ്വീകരിച്ചു. മത്സ്യവ്യാപാര ശാലയിലും ശാസ്ത്രി റോഡിലെ സ്ഥാപനത്തിലും മാസ്ക് ധരിക്കാതിരുന്ന ജീവനക്കാര്‍ക്കും പിഴയിട്ടു. നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നത് ഉള്‍പ്പെടെയുള്ള  നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K