14 October, 2020 07:02:12 PM


'കോവിഡ് രോഗികളുടെ നട്ടെല്ല് കൂടി ഒടിക്കണോ?' ; ചോദ്യം ഏറ്റുമാനൂര്‍ നഗരസഭയോട്...ഏറ്റുമാനൂര്‍: കോവിഡ് രോഗികളുടെ നട്ടെല്ല് കൂടി ഒടിക്കാനാണോ ഭാവം? ചോദ്യം ഏറ്റുമാനൂര്‍ നഗരസഭാ അധികൃതരോടാണ്. ചോദിക്കുന്നത് മറ്റാരുമല്ല, നാട്ടുകാര്‍ തന്നെ. നഗരസഭ മുന്‍കൈ എടുത്ത് ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലുകളില്‍ ആരംഭിച്ച കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രങ്ങളിലേക്ക് രോഗികള്‍ എത്തുന്നത് ജീവന്‍ പണയംവെച്ച്. കോവിഡ് സെന്ററിലേക്കുള്ള ഏകവഴി വന്‍ഗര്‍ത്തങ്ങളായി സഞ്ചാരയോഗ്യമല്ലാതായിട്ട് നഗരസഭയ്ക്ക് ഒരു കുലുക്കവുമില്ല.


മഴകൂടി പെയ്തതോടെ റോഡിലൂടെ വാഹനഗതാഗതവും ബാലികേറാമലയിലേക്കെന്നപോലായി. കുഴികളില്‍ വീഴുന്ന വാഹനങ്ങള്‍ കരകയറുന്നത് പലപ്പോഴും നാട്ടുകാരുടെ സഹായത്തോടെ. പ്രതിദിനം നൂറോളം രോഗികളെയാണ് ഈ കോവിഡ് സെന്‍ററില്‍ ചികിത്സയ്ക്കെത്തുന്നത്. രോഗികളുമായി വരുന്ന ആംബുലന്‍സ് റോഡിലെ കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നതും പതിവ് കാഴ്ച. കോവിഡ് രോഗികളാണ് ആംബുലന്‍സിലെന്നതിനാല്‍ സഹായിക്കാന്‍ നാട്ടുകാര്‍ക്കും പേടി. മറ്റ് മാര്‍ഗമില്ലാതെ രോഗി തന്നെ ഇറങ്ങി ആംബുലന്‍സ് തള്ളേണ്ട അവസ്ഥ.രണ്ടു കോളനികള്‍, നൂറോളം കുടുംബങ്ങള്‍ എന്നിവരുടെ കൂടി ഏക ആശ്രയമായ റോഡിലൂടെ കാല്‍നടയാത്രയും ദുഷ്‌കരമായി. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങള്‍ ഇവിടേക്ക് വരാത്തത് പ്രദേശവാസികളെ ദുരിതത്തിലാഴ്ത്തി. രാത്രി കാലങ്ങളില്‍ ആശുപത്രിയില്‍ പോകാന്‍ വിളിച്ചാല്‍ പോലും ഓട്ടോറിക്ഷകളോ ടാക്‌സികളോ വരാറില്ലെന്ന് ഇവര്‍ പരാതിപ്പെടുന്നു. റോഡ് തകര്‍ന്നു കിടക്കുന്ന വിവരം നിരവധി തവണ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്ന് പ്രദേശവാസികള്‍. ഇരുചക്രവാഹനങ്ങളില്‍ വരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ റോഡില്‍ വീണുതുടങ്ങിയതോടെ നാട്ടുകാര്‍ റോഡില്‍ വാഴയും നട്ടു.


റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി നഗരസഭ ആകെ അനുവദിച്ചത് 8000 രൂപ മാത്രം. എന്നാല്‍ ഈ തുക പര്യാപ്തമല്ലെന്ന് അധികൃതര്‍ക്കും അറിയാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു വികസനപ്രവര്‍ത്തനവും കാര്യമായി നടക്കാത്ത നഗരസഭയിലെ ഭരണകര്‍ത്താക്കള്‍, സാമ്പത്തികമില്ലെന്ന കാരണം പറഞ്ഞ് കൈമലര്‍ത്തികാട്ടുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മൂന്ന്, നാല് വാര്‍ഡുകളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന റോഡ് തകരുന്നത് ശക്തമായ വെള്ളപ്പാച്ചില്‍ മൂലമാണ്. ഈ സാഹചര്യത്തില്‍ വെളളമൊഴുകുന്നതിനുള്ള ഓടകള്‍ സഹിതം മികച്ച രീതിയില്‍ റോഡ് നവീകരിച്ചാല്‍ മാത്രമേ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുവെന്നും പ്രദേശവാസികള്‍ ചൂണ്ടികാട്ടുന്നു.Share this News Now:
  • Google+
Like(s): 5.5K