11 October, 2020 06:43:55 PM


ഏറ്റുമാനൂര്‍ കുടിവെള്ള പദ്ധതി: റോഡുകള്‍ വെട്ടിപൊളിക്കുന്നതില്‍ അപാകതയെന്ന് നാട്ടുകാര്‍

പിഡബ്ല്യുഡി റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കും; ഗ്രാമീണറോഡുകള്‍ക്ക് ശാപമോക്ഷമില്ലഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ ഇടുന്നതിന് റോഡുകളും ഫുട്പാത്തുകളും അശാസ്ത്രീയമായി വെട്ടിപൊളിക്കുന്നതിനെതിരെ ജനരോക്ഷം ഉയരുന്നു. മാസങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായ പാലാ റോഡിലെ ടൈല്‍ പാകിയ ഫുട്പാത്തുകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നശിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം ഏറെയും. ടൈലുകള്‍ പെറുക്കി മാറ്റാതെ മണ്ണ് സഹിതം മാന്തിയെടുത്ത് നശിപ്പിക്കുകയാണിവിടെ ചെയ്യുന്നത്.


പതിവുപോലെ റോഡ് തോടായി മാറുമെന്നും അധികൃതര്‍ പിന്നീട് തിരിഞ്ഞുനോക്കുകില്ല എന്നുമാണ് നാട്ടുകാരുടെ പരാതി. എന്നാല്‍ ഇത് കിഫ്ബിയുടെ കീഴിലുള്ള പ്രവ‍ൃത്തിയായതിനാല്‍ വെട്ടിപൊളിക്കുന്ന അത്രയും ഭാഗം കരാറുകാരന്‍റെ ചെലവില്‍ തന്നെ പൂര്‍വ്വസ്ഥിതിയിലാക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. എന്നാല്‍ പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങള്‍ കഴിയുമെന്നിരിക്കെ ഇപ്പറയുന്നത് ഉടന്‍ നടപ്പിലാകുന്ന കാര്യമല്ലെന്നാണ് നാട്ടുകാരുടെ പക്ഷം.


93.225 കോടി രൂപയുടെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. നേതാജി നഗറിലെ നിര്‍ദ്ദിഷ്ട പ്ലാന്‍റിലേക്ക് മീനച്ചിലാറ്റില്‍ പൂവത്തുംമൂട്ടില്‍നിന്നും എത്തിക്കുന്ന വെള്ളമാണ് ശുദ്ധീകരിച്ച് ഏറ്റുമാനൂര്‍ നഗരസഭയുടെ കീഴിലുള്ള പ്രദേശങ്ങളിലും അതിരമ്പുഴ, കാണക്കാരി ഗ്രാമഞ്ചായത്തുകളിലെ ഏതാനും വാര്‍ഡുകളിലേക്കും എത്തിക്കുക. നാല് സ്റ്റേജുകളായുള്ള പദ്ധതിയുടെ നാലാം സ്റ്റേജിലുള്ള പണികളാണ് ഇപ്പോള്‍ തുടങ്ങിവെച്ചിരിക്കുന്നത്. ഒന്ന് മുതല്‍ മൂന്നാം ഘട്ടം വരെയുള്ള പണികള്‍ തുടങ്ങിയിട്ടില്ല.


പുന്നത്തുറ, അയര്‍കുന്നം റോഡുകളുടെ നവീകരണം നടക്കുന്നതിനാല്‍ ഇവിടെ റോഡുപണിക്ക് മുമ്പേ പൈപ്പ് ഇടുക എന്ന ലക്ഷ്യത്തോടെയാണ് അവസാനഘട്ടപണികള്‍ ആദ്യം തുടങ്ങിയതെന്ന് ജലവിതരണ അതോറിറ്റി അധികൃതര്‍ പറയുന്നു. ട്രീറ്റ്മെന്‍റ് പ്ലാന്‍റും അനുബന്ധമായുള്ള ലൈനുമാണ് ആദ്യഘട്ടത്തില്‍. കച്ചേരികുന്ന്, കട്ടച്ചിറ എന്നിവിടങ്ങളിലെ ജലസംഭരണികളും മറ്റ് പ്രദേശങ്ങളിലേക്കുള്ള കുടിവെള്ളവിതരണപൈപ്പുകള്‍ സ്ഥാപിക്കുന്നതും രണ്ടും മൂന്നും ഘട്ടങ്ങളായി നടക്കേണ്ടതാണ്.


പൈപ്പുകള്‍ ഇടാനായി റോഡുകള്‍ വെട്ടിപൊളിച്ചാല്‍ ജലവിതരണഅതോറിറ്റി പണമടക്കുന്നതനുസരിച്ച് പൊതുമരാമത്ത് വകുപ്പാണ് സാധാരണ റോഡുകള്‍ നന്നാക്കുന്നത്. എന്നാലിവിടെ റോഡ് പൂര്‍വ്വസ്ഥിതിയിലാക്കുക എന്നത് കരാറുകാരന്‍റെ ചുമതലയാണ്. പക്ഷെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍ക്ക് മാത്രമാണ് ഇത് ബാധകം. നഗരസഭയുടെ കീഴിലുള്ള റോഡുകള്‍ നന്നാക്കേണ്ട ചുമതല ഈ കരാറുകാരനില്ല. ചുരുക്കത്തില്‍ കുടിവെള്ളവിതരണത്തിനായി വെട്ടിപൊളിക്കുന്ന ഗ്രാമീണറോഡുകള്‍ക്ക് നഗരസഭ കനിഞ്ഞില്ലെങ്കില്‍ ശാപമോക്ഷമുണ്ടാകില്ല എന്നു ചുരുക്കം.


നിലവില്‍ തകര്‍ന്നു കിടക്കുന്നതും അടുത്ത കാലത്ത് ടാര്‍ ചെയ്തതും ഉള്‍പ്പെടെയുള്ള റോഡുകള്‍ ജലവിതരണത്തിനായി വെട്ടിപൊളിക്കുന്നുണ്ട്. ഏറ്റുമാനൂര്‍ നഗരസഭയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മുരടിച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ ജലവിതരണം ആരംഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ റോഡുകളുടെ അറ്റകുറ്റപണികള്‍ നടക്കാനിടയില്ലെന്ന് തന്നെയാണ്  നാട്ടുകാര്‍ ചൂണ്ടികാട്ടുന്നത്. നിലവില്‍ ഇടുന്ന പൈപ്പിലൂടെ വെള്ളമൊഴുകുന്നത് വിജയകരമാണെന്നത് ഉറപ്പാക്കിയശേഷമേ ഇപ്പോള്‍ എടുക്കുന്ന കുഴി നിലവിലെ സ്ഥിതിയില്‍ ക്രമീകരിക്കാനാവു. അതുവരെ വര്‍ഷങ്ങളോളം ഈ റോഡുകളിലൂടെ യാത്ര ദുഷ്കരമാവും. അതിനുള്ള പ്രതിവിധി കണ്ടെത്തിവേണം പണികള്‍ തുടരാനെന്നും നഗരസഭാ കൌണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നു.  Share this News Now:
  • Google+
Like(s): 3.7K