10 October, 2020 05:08:14 PM


കോട്ടയം ജില്ലയിലെ 76 തദ്ദേശഭരണ സ്ഥാപനങ്ങള്‍ ശുചിത്വ പദവിയില്‍



കോട്ടയം: ഈ സര്‍ക്കാരിന്‍റെ കാലത്തു തന്നെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും ശുചിത്വ പദവിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഖരമാലിന്യ സംസ്‌കരണത്തില്‍ മികവ് തെളിയിച്ച സംസ്ഥാനത്തെ  589 തദ്ദേശ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയില്‍  65 ഗ്രാമപഞ്ചായത്തുകളും ആറു ബ്ലോക്ക് പഞ്ചായത്തുകളും  അഞ്ചു മുനിസിപ്പാലിറ്റികളും ഈ നേട്ടം കൈവരിച്ചു. 


തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്. 100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച  സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്. ഇരുപത് നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍.


ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങിവയായിരുന്നു നിബന്ധനകള്‍. 


ജില്ലയില്‍ ശുചിത്വ പദവി നേടിയ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രഖ്യാപനം തത്സമയം പ്രദര്‍ശിപ്പിക്കുകയും അനുബന്ധമായി നടന്ന ചടങ്ങുകളില്‍  സര്‍ട്ടിഫിക്കറ്റും ഫലകവും കൈമാറുകയും റിപ്പോര്‍ട്ടിന്റെ പ്രകാശനം നടത്തുകയും ചെയ്തു. ജോസ് കെ മാണി എം.പി, എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, ഡോ. എന്‍. ജയരാജ്, സി.കെ. ആശ, മാണി സി. കാപ്പന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K