07 October, 2020 05:04:16 PM


കടുത്തുരുത്തിയിൽ 41 കോടിയുടെ ജലജീവന്‍ കുടിവെള്ള പദ്ധതി: ഉദ്ഘാടനം നാളെ



കടുത്തുരുത്തി: കേരള വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം  ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓക്ടോബര്‍ 8ന്  3.30 ന് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും.  


ഇതോടനുബന്ധിച്ച് കടുത്തുരുത്തി പി.ഡബ്ലു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന യോഗത്തില്‍ വച്ച് കടുത്തുരുത്തി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കും. തോമസ് ചാഴിക്കാടന്‍ എം.പി. മുഖ്യാതിഥിയായി ഓണ്‍ലൈനില്‍ പങ്കെടുക്കുന്നതാണ്. ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ 41 കോടി രൂപയുടെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു.


വിവിധ ഗ്രാമ പഞ്ചായത്തുകളിലൂടെ 15000 വാട്ടര്‍ കണക്ഷന്‍ വീടുകളിലേക്ക് ലഭ്യമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. പ്രാഥമിക സര്‍വ്വേ പ്രകാരം കടുത്തുരുത്തി-മാഞ്ഞൂര്‍, കാണക്കാരി, ഉഴവൂര്‍, വെളിയന്നൂര്‍, മുളക്കുളം, ഞീഴൂര്‍, കടപ്ലാമറ്റം, കിടങ്ങൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ സമര്‍പ്പിച്ച പ്രോജക്ടുകളാണ് അംഗീകരിച്ചിട്ടുള്ളത്. മരങ്ങാട്ടുപള്ളി, കുറവിലങ്ങാട് പഞ്ചായത്തുകള്‍ രണ്ടാം ഘട്ടത്തില്‍ പദ്ധതി സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയുടെ ഓന്നാംഘട്ടം എല്ലാ പഞ്ചായത്തുകളിലും ടെണ്ടര്‍ ചെയ്തതായി എം.എല്‍.എ അറിയിച്ചു. 2020-2021 സാമ്പത്തിക വര്‍ഷം ഇത് പൂര്‍ത്തീകരിക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.


കേരളാ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തിലും ജലനിധി പദ്ധതിയിലൂടെയും കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ വിജയകരമായി നടപ്പാക്കിയ കുടിവെള്ള പദ്ധതിയുടെ തുടര്‍ച്ചയായിട്ടാണ് ജലജീവന്‍ മിഷന്‍ നടപ്പാക്കുന്നത്. ഇതിലൂടെ സമ്പൂര്‍ണ്ണ കുടിവെള്ള മണ്ഡലമായി കടുത്തുരുത്തി അസംബ്ലി നിയോജക മണ്ഡലത്തെ മാറ്റിയെടുക്കാന്‍ കഴിയുമെന്നതാണ് ഏറ്റവും സുപ്രധാന നേട്ടം. ജനക്ഷേമ വികസനരംഗത്ത് മാതൃകയാകാന്‍ കഴിയുന്ന വിധത്തില്‍ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണം ഉണ്ടാകുമെന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K