03 October, 2020 06:02:56 PM


കാല്‍നടയാത്രക്കാര്‍ 'ഔട്ട്': കാടുകയറി ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ ഫുട്പാത്ത്



ഏറ്റുമാനൂര്‍: നഗരമധ്യത്തിലെ ഫുട്പാത്തില്‍നിന്നും കാല്‍നടയാത്രക്കാര്‍ ഔട്ട്. കാട്കയറി കിടക്കുന്ന ഫുട്പാത്ത് ഇപ്പോള്‍ ഇഴജന്തുക്കളുടെ താവളം. എം.സി.റോഡിലെ ഫുട്പാത്താണ് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ കാട് കയറി മൂടിയത്. റോഡരികില്‍ വെറുതെ കിടക്കുന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്തുനിന്നുമുള്ള കാട്ടുപയറാണ് ഇപ്പോള്‍ റോഡിലേക്ക് വളര്‍ന്നിറങ്ങി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായത്.



വന്‍ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന, അപകടം പതിയിരിക്കുന്ന റോഡിലേക്കിറങ്ങി ജീവന്‍ പണയം വെച്ചാണ് ഇപ്പോള്‍ കാല്‍നടയാത്രക്കാരുടെ സഞ്ചാരം. രണ്ട് പേരുടെ മരണത്തിനിടയാക്കിയതുള്‍പ്പെടെ ഒട്ടേറെ അപകടങ്ങള്‍ ഇതിനോടകം ഇവിടെ നടന്നുകഴിഞ്ഞു. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്നു കിടക്കുന്ന ഈ സ്ഥലത്തുനിന്നും പാമ്പുകള്‍ റോഡിലേക്കിറങ്ങുന്നത് സ്ഥിരം കാഴ്ചയാണെന്ന് തൊട്ടടുത്ത ടാക്സി സ്റ്റാന്‍റിലെ ഡ്രൈവര്‍മാര്‍ പറയുന്നു.


നഗരസഭയുടെയുടെയും പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും മൂക്കിന് കീഴിലായിട്ടും ഫുട്പാത്തിലെ ഈ അസൌകര്യം നീക്കം ചെയ്യാന്‍ ആരും തയ്യാറാകുന്നില്ല. തന്‍റെ സ്ഥലത്തുനിന്നുള്ള കാടായിട്ടുപോലും വെട്ടിനീക്കാന്‍ തയ്യാറാകാതെ സ്ഥലമുടമയും കണ്ണടയ്ക്കുകയാണ്. എം.സി.റോഡ് നവീകരിച്ചശേഷം ടൈലുകള്‍ പാകി മനോഹരമാക്കിയ ഫുട്പാത്തിന്‍റെ അവസ്ഥയാണിത്. ഇതിനിടെ നഗരത്തിന്‍റെ പല ഭാഗത്തും സ്ലാബുകളും ടൈലുകളും ഇളകിമാറി അപകടം ക്ഷണിച്ചുവരുത്തുന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K