29 September, 2020 08:22:51 PM


കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌ അന്തരിച്ചുകുവൈത്ത്‌ സിറ്റി/ ന്യൂയോർക്ക്‌ : കുവൈത്ത്‌ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ ജാബിർ അൽ സബാഹ്‌(91) അന്തരിച്ചു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ ക്ലിനിക്കിലായിരുന്നു അന്ത്യം. കുവൈത്ത്‌ ടെലവിഷൻ ആണു മരണ വിവരം ഔദ്യോഗികമായി പുറത്ത്‌ വിട്ടത്‌. ജൂലായ്‌ 17നു കുവൈത്തിൽ വെച്ച്‌ അമീർ ശസ്ത്രക്രിയക്ക്‌ വിധേയനായിരുന്നു. ഇതിനു ശേഷം തുടർചികിൽസക്കായി ജൂലായ്‌ 19നാണു അദ്ദേഹത്തെ  അമേരിക്കയിലേക്ക്‌ കൊണ്ടുപോയത്‌. യു.എസ്‌. വ്യോമസേനയുടെ പ്രത്യേക വിമാനമാണു യാത്രക്കായി ഉപയോഗിച്ചത്‌.


അദ്ദേഹത്തിന്‍റെ  ആരോഗ്യ നിലയിൽ ആശങ്കാകരമായ സാഹചര്യം ഉടലെടുത്തതിനെ തുടർന്ന് ഭരണ ഘടനാ പരമായി അമീറിൽ നിക്ഷിപ്തമായ ചില പ്രത്യേക അധികാരങ്ങൾ താൽക്കാലികമായി കിരീടാവകാശിയും അർദ്ധ സഹോദരനുമായ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനെ  ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സഹോദരനും നാഷനൽ ഗാർഡ്‌ ഉപമേധാവിയുമായ ഷൈഖ്‌ മിഷ്‌ അൽ അഹമദിന്‍റെ നേതൃത്വത്തിലുള്ള സംഘം മൃതദേഹത്തെ  അനുഗമിക്കും. ഭാര്യ പരേതയായ ഫാതുവ ബിന്ത്‌ സൽമാൻ അൽ സബാഹ്‌. മക്കൾ മുൻ പ്രതിരോധ മന്ത്രി ഷൈഖ്‌ നാസർ അൽ സബാഹ്‌ അൽ അഹമ്മദ്‌, ഷൈഖ്‌ ഹമദ്‌ സബാഹ്‌ അൽ അഹമ്മദ്‌, പരേതരായ ഷൈഖ്‌ അഹമദ്‌ അൽ സബാഹ്‌ അൽ അഹമദ്‌, ഷൈഖ സൽവ.


1929 ജൂൺ 16 നു മുൻ കുവൈത്ത്‌ അമീർ ഷൈഖ്‌ അഹമദ്‌ അൽ ജാബിർ അൽ സബാഹിന്റെയും മുനീറ ഉസ്മാൻ അൽ ഹമദ്‌ അൽ സ ഈദിന്‍റെയും നാലാമത്തെ പുത്രനായി കുവൈത്ത്‌ സിറ്റിയിലെ ഷർഖ്‌ ജില്ലയിൽ ആണു ജനനം. കുവൈത്തിൽ തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കി. ഏഷ്യൻ  യൂറോപ്യൻ രാജ്യങ്ങളിലും ഭരണപരമായ പരിശീലനം നേടി. 1953 ൽ തൊഴിൽ സാമൂഹിക മന്ത്രാലയങ്ങളിലും പ്രവർത്തിച്ചു. 1963ൽ  സ്വതന്ത്ര കുവൈത്തിലെ ആദ്യ വാർത്താ വിതരണ മന്ത്രിയായാണു ഭരണ രംഗത്ത്‌ പ്രവേശിക്കുന്നത്‌. പിന്നീട്‌ 1963 മുതൽ 2003 വരെയുള്ള 40 വർഷകാലം രാജ്യത്തിന്‍റെ വിദേശകാര്യ മന്ത്രിയായി സേവനം അനുഷ്ടിക്കുകയും ചെയ്തു. 1991 ൽ ഇറാഖ്‌ അധിനിവേശത്തിൽ നിന്നും രാജ്യം മോചിതമായതോടെ  ഉപ പ്രധാനമന്ത്രിയായും നിയമിതനായി.


2003 ൽ അന്നത്തെ അമീറും അർദ്ധ സഹോദരനുമായ ഷൈഖ്‌ ജാബർ അഹമദ്‌ അൽ സബാഹ്‌ അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രധാനമന്ത്രി പദവി കിരീടാവകാശി വഹിച്ചു വരുന്ന കീഴ്‌വഴക്കമാണു അത്‌ വരെ രാജ്യത്ത്‌ നില നിന്നിരുന്നത്‌. ഇതോടെ ഉപ പ്രധാന മന്ത്രി പദവിയിൽ നിന്നും നേരിട്ട്‌ പ്രധാന മന്ത്രി പദവിയിൽ എത്തുന്ന  ആദ്യ വ്യക്തി എന്നതിലൂടെ ചരിത്രത്തിൽ ഇടം പിടിച്ചു. 2006 ജനുവരി 9 നു അന്നത്തെ അമീർ ഷൈഖ്‌ ജാബിർ അൽ അഹമദ്‌ അൽ സബാഹിന്‍റെ ദേഹ വിയോഗത്തെ തുടർന്ന് കിരീടാവകാശിയായ ഷൈഖ്‌ സ അദ്‌ അബ്ദുല്ല സാലെം അമീറിന്‍റെ ചുമതല ഏറ്റെങ്കിലും ആരോഗ്യ പരമായ  കാരണങ്ങളാൽ പാർലമെന്റിൽ എത്തി സത്യ പ്രതിജ്ഞ ചെയ്യാൻ സാധിക്കാതെ വന്നു. ഇതേ തുടർന്നു ഭരണ ഘടനാ പ്രതിസന്ധി ഉടലെടുത്തതോടെ  അടിയന്തിരമായി ചേർന്ന പാർലമന്‍റ് സമ്മേളനത്തിലാണു  ഷൈഖ്‌ സബാഹ്‌ അൽ അഹമ്മദിനെ അമീറായി തെരഞ്ഞെടുത്തത്‌.


കിരീടവകാശി പദവിയിൽ നിന്നല്ലാതെ അമീർ പദവിയിൽ എത്തുന്ന ആദ്യ കുവൈത്ത്‌ അമീർ എന്ന ബഹുമതിയും സ്വന്തമാക്കി. മാത്രവുമല്ല അർദ്ധ സഹോദരനായ ഷൈഖ്‌ നവാഫ്‌ അൽ അഹമദ്‌ അൽ സബാഹിനെ അദ്ദേഹം  കിരീടവകാശിയായി നിയമിക്കുകയും ചെയ്തു. ഇതോടെ സബാഹ്‌ കുടുംബത്തിലെ  ജാബിർ , സാലിം താഴ്വഴിയിൽ നിന്നും അമീർ , കിരീടാവകാശി പദവികൾ വിഭജിച്ചെടുക്കുന്ന  കീഴ്‌വഴക്കത്തിനാണു  അവസാനമായത്‌. ഇതേ തുടർന്ന് സാലിം കുടുംബത്തിൽ നിന്നും ഉയർന്ന് വന്ന അസ്വസ്ഥതകൾ രാജ്യ സുരക്ഷയെ ബാധിക്കാത്ത തരത്തിൽ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞതും  അമീറിന്‍റെ നയതന്ത്ര ചാരുത വ്യക്തമാക്കുന്ന സംഭവമായാണു ചരിത്രത്തിൽ രേഖപ്പെടുത്തുക.Share this News Now:
  • Google+
Like(s): 2.6K