26 September, 2020 06:41:56 PM
മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപത്തെ സ്ഫോടനം; രണ്ട് പേര്‍ പിടിയില്‍

കൊച്ചി: മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. ഇല്ലിത്തോട് പാറമടയ്ക്ക് സമീപത്തെ കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. പാറമടയുടെ മാനേജരില്‍ ഒരാളായ നടുവട്ടം ഇട്ടുങ്ങപ്പടി രഞ്ജിത് (32), സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്ഥലത്തു നിന്നും ഇവ പാറമടകളിലേക്ക് എത്തിക്കുന്ന നടുവട്ടം ചെറുകുന്നത്ത് വീട്ടില്‍ സന്ദീപ് എന്നു വിളിക്കുന്ന അജേഷ് (34) എന്നിവരാണ് പിടിയിലായത്. കാലടി പൊലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പാറമടയ്ക്കു സമീപമുള്ള വീട്ടില്‍ സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് രണ്ട് പേര്‍ മരിച്ചത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക് ഐപിഎസിന്റെ നിര്‍ദ്ദേശാനുസരണം പെരുമ്ബാവൂര്‍ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്. കഴിഞ്ഞ ദിവസം കൊച്ചി റേഞ്ച് ഡിഐജി എസ് കാളിരാജ് മഹേഷ് കുമാര്‍, എസ്പികെ കാര്‍ത്തിക് എന്നിവര്‍ പാറമടയും പരിസരവും സന്ദര്‍ശിച്ച് നിലവിലെ സാഹചര്യം വിലയിരുത്തിയിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ്പി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ പാറമടകളില്‍ പരിശോധന തുടരുകയാണ്.
 
                                 
                                        



