25 September, 2020 04:51:55 PM


മെഡി. കോളേജുകളില്‍ 24 മണിക്കൂറും ലിഫ്റ്റ് ഓപ്പറേറ്റര്‍ വേണം: മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകളില്‍ ഓപ്പറേറ്റര്‍മാരുടെ സേവനം 24 മണിക്കൂറാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുള്ള കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ ജൂണ്‍ 17ന് ലിഫ്റ്റില്‍ കുരുങ്ങി നഴ്‌സിംഗ് അസിസ്റ്റന്‍റെ ബോധരഹിതയായ സംഭവത്തില്‍ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത് കേസിലാണ് ഉത്തരവ്.  


എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റുകളുടെ പ്രവര്‍ത്തനക്ഷമത അടിയന്തിരമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണം. കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. നഴ്‌സിംഗ് ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 


20 മിനിറ്റ് മാത്രമാണ് പരാതിക്കാരി ലിഫ്റ്റില്‍ കുരുങ്ങിയത്. ലിഫ്റ്റ് നിലച്ച സമയത്ത് ലിഫ്റ്റിനുള്ളിലെ ഫാനും വെളിച്ചവും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എക്കോ മെഷീനുമായാണ് പരാതിക്കാരി ലിഫ്റ്റില്‍ കയറിയത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ ലിഫ്റ്റുകളുടെ പ്രവര്‍ത്തനം വിലയിരുത്തും. ലിഫ്റ്റുകള്‍ക്ക് 15 വര്‍ഷത്തെ കാലപഴക്കമുള്ളതിനാല്‍ നവീകരിക്കാന്‍ നടപടിയെടുക്കും. എല്ലാ ലിഫ്റ്റുകളിലും ഓപ്പറേറ്റര്‍മാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കും. ഇതിനായി കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


കേവലം 20 മിനിറ്റ് മാത്രമാണ് ജീവനക്കാരി ലിഫ്റ്റില്‍ കുടുങ്ങിയതെന്ന വാദം ഉന്നയിച്ച് സംഭവത്തിന്റെ ഗൗരവം കുറച്ചു കാണരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനുമാണ് നിര്‍ദ്ദേശം നല്‍കിയത്. കലൂര്‍ സ്വദേശി സി ജെ ജോണും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K