25 September, 2020 04:28:35 PM


തെന്നിന്ത്യയിലെ ഇതിഹാസ ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യം വിടവാങ്ങി



ചെന്നൈ: പ്രശസ്ത പിന്നണി ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ആരാധകരുടെയും സംഗീത പ്രേമികളുടെയും അകമഴിഞ്ഞ പ്രാര്‍ഥനകള്‍ വിഫലമാക്കി അരങ്ങൊഴിയുന്നത് 74-ാം വയസ്സില്‍. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് സെന്‍ററില്‍ ചികിത്സയിലിരിക്കെയാണ് ബാലസുബ്രഹ്മണ്യത്തിന്‍റെ അന്ത്യം. ഉച്ചയ്ക്ക് 1.04 നായിരുന്നു മരണമെന്ന് മകന്‍ എസ്.പി.ബി. ചരണ്‍ സ്ഥിരീകരിച്ചു. 


കോവിഡ് ബാധയെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാസമാണ് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കു പിന്നാലെ അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. ആരോഗ്യനില മോശമായതോടെ ആശുപത്രിയില്‍ തുടരുകയായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവഗുരുതരാവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം വൈകിട്ട് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. കഴിയുന്നത്ര ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വ്യക്തമാക്കിയിരുന്നു. വിദഗദ്ധ ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞിരുന്നു.


ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ട എന്ന സ്ഥലത്ത് 1946 ജൂണ്‍ 4-നാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച എസ്. പി. സംബമൂര്‍ത്തി നാടകങ്ങളിലും അഭിനയിച്ചിരുന്ന ഒരു ഹരികഥാ കലാകാരനായിരുന്നു. 2019 ഫെബ്രുവരി 4 ന് അന്തരിച്ച ശകുന്തളാമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. ഗായിക എസ്. പി. ഷൈലജ ഉള്‍പ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാരുമാണ്‌ അദ്ദേഹത്തിനുള്ളത്.


എഞ്ചിനിയറാകാന്‍ ആഗ്രഹിച്ചിരുന്ന എസ്.പി.ബി അനന്തപൂരിലെ ജെഎന്‍ടിയു എന്‍‌ജിനീയറിംഗ് കോളേജില്‍ ചേര്‍ന്നുവെങ്കിലും ടൈഫോയിഡ് പിടിപെട്ടതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് എസ്.പി.ബി. ചെന്നൈയിലെ ഇന്‍സ്റ്റിട്ട്യൂഷന്‍ ഓഫ് എന്‍ജിനിയേഴ്സില്‍ ചേര്‍ന്നു. പക്ഷേ അപ്പോഴൊക്കെയും സംഗീതം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെന്നൈയിലെ ചില ആലാപന മത്സരങ്ങളില്‍ മികച്ച ഗായകനായി അദ്ദേഹം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇതുതന്നെയാണ് സിനിമയിലേക്കുള്ള വഴി തുറന്നതും.


അവസരങ്ങള്‍ തേടി സംഗീതസംവിധായകരെ പലപ്പോഴും സന്ദര്‍ശിക്കാറുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആദ്യത്തെ ഓഡിഷന്‍ ഗാനം "നിലവെ എന്നിടം നെരുങ്കാതെകാതെ" ആയിരുന്നു. ചലച്ചിത്രപിന്നണിഗായക രംഗത്തേക്ക് അദ്ദേഹം വന്നത് 1966-ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തില്‍ പാടികൊണ്ടാണ്. അതിനു ശേഷം ഇതുവരെ അദ്ദേഹം 39000 ലധികം ഗാനങ്ങള്‍ പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടി. ഇതില്‍ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലാണ് അദ്ദേഹം കൂടുതല്‍ പാടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് തമിഴിലാണ്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ ആലപിച്ച ഗായകന്‍ എന്ന ഗിന്നസ് ലോക റെക്കോര്‍ഡ് എസ്.പി.ബിക്കാണ്.


ഒരു ഗായകന്‍ മാത്രല്ലായിരുന്നു എസ്.പിബി. നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു. ഏറ്റവും മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് ആറു തവണ അദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. കെ.ജെ. യേശുദാസിനുശേഷം ഈ അവാര്‍ഡ് ഏറ്റവുമധികം തവണ ലഭിച്ചിരിക്കുന്നത് അദ്ദേഹത്തിനാണ്‌.
സാവിത്രിയാണ് എസ്.പി.ബി.യുടെ ഭാര്യ. ഇവര്‍ക്ക് എസ്.പി.ബി. ചരണ്‍ എന്നൊരു മകനും, പല്ലവി എന്നൊരു മകളുമുണ്ട്. എസ്.പി.ബി. ചരണ്‍ അച്ഛന്റെ വഴി പിന്തുടര്‍ന്ന് ഗായകനും നടനുമായി ശ്രദ്ധേയനായി. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K