19 September, 2020 11:13:02 PM


പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് 12,250 പഠനമുറികള്‍; 2021ഓടെ 12,250 പഠനമുറികള്‍ കൂടിതിരുവനന്തപുരം: പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്ന ഒരു പദ്ധതിയ്ക്ക് ഇന്ന് തുടക്കം കുറിച്ചു. കുട്ടികള്‍ക്ക് പഠിക്കാന്‍ വീടുകളില്‍ വേണ്ടത്ര സൗകര്യമില്ലാത്ത പട്ടികജാതിക്കാരും പട്ടികവര്‍ഗക്കാരും ധാരാളമുണ്ടെന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്താണ് രാജ്യത്തിനാകെ മാതൃകയാകുന്ന പദ്ധതി ആവിഷ്കരിച്ചത്. പട്ടികജാതിക്കാര്‍ക്ക് അവരുടെ വീടിനോടുചേര്‍ന്ന് പഠനമുറിയൊരുക്കാന്‍ സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ സഹായം നല്‍കും. മുറി പൂര്‍ത്തിയാകുമ്പോള്‍ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള പഠനസാമഗ്രികള്‍ ലഭ്യമാക്കും. ഇപ്രകാരം സംസ്ഥാനത്താകെ 12,250 പഠനമുറികള്‍ പൂര്‍ത്തിയായതിന്‍റെ ഉദ്ഘാടനമാണ് ഇന്ന് നിര്‍വഹിച്ചത്. ഈ വര്‍ഷം 3750 പഠനമുറികള്‍ കൂടി പൂര്‍ത്തിയാകും. ഇതിനുപുറമെ 2021ല്‍ 8500 പഠനമുറികള്‍ ഉണ്ടാക്കും.


പട്ടികവര്‍ഗക്കാര്‍ക്ക് സാമൂഹ്യ പഠനമുറികളാണ് ഒരുക്കുന്നത്. കമ്യൂണിറ്റി ഹാള്‍ പോലുള്ള പൊതുസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി 250 സാമൂഹ്യ പഠനമുറികള്‍ ഇതിനകം പൂര്‍ത്തിയായി. ഒരു പഠനമുറിയില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമുണ്ടാകും. ആകെ 500 സാമൂഹ്യ പഠനമുറികളാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരമാവധി സഹായവും പിന്തുണയും നല്‍കി ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പഇണറായി വിജയന്‍ പറഞ്ഞു. 


അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് വളരെ തുച്ഛമായ വിദ്യാഭ്യാസ സഹായമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍  ഓരോ കുട്ടിക്കും പ്രതിവര്‍ഷം 2000 രൂപ വീതം വിദ്യാഭ്യാസ സഹായം നല്‍കുന്നുണ്ട്. ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നു. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ലംപ്സം ഗ്രാന്‍റും സ്റ്റൈപെന്‍റും 50 ശതമാനം വര്‍ധിപ്പിച്ചു. പ്ലസ്ടു കഴിഞ്ഞ ആയിരം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍-എഞ്ചിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് പദ്ധതി ആരംഭിച്ചിട്ടുണ്ട്. പട്ടികജാതി വികസന വകുപ്പിന്‍റെ കീഴിലുള്ള 44 ഐടിഐകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിച്ചു. 15 ഐടിഐകള്‍ക്ക് പുതിയ ബ്ലോക്കുകള്‍ നിര്‍മിച്ചു. ഏറ്റവും പ്രധാനം ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ഏര്‍പ്പെടുത്തി എന്നതാണ്.


വിദേശത്തെ മികച്ച സര്‍വകലാശാലകളില്‍ പിജി കോഴ്സ് ചെയ്യുന്നതിന് പട്ടികവിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 25 ലക്ഷം രൂപ വരെ അനുവദിക്കാന്‍ ഉത്തരവായി. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമിയില്‍ 300 പേര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. പട്ടികവര്‍ഗക്കാര്‍ക്കു വേണ്ടി 29,710 വീടുകള്‍ പൂര്‍ത്തിയാക്കി. ഇതില്‍ 11,000 വീടുകള്‍ ലൈഫ് പദ്ധതിയിലാണ് പണിതത്. കൂടാതെ 5,000ത്തോളം വീടുകളുടെ പ്രവൃത്തി ലൈഫ് മുഖേന പുരോഗമിക്കുകയാണ്. ഭൂരഹിതരായി 10,790 പട്ടികവര്‍ഗ കുടുംബങ്ങള്‍ ഉണ്ടായിരുന്നവരില്‍ 4682 പേര്‍ക്ക് 3787 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. ബാക്കിയുള്ള 6108 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.


പട്ടികവര്‍ഗക്കാരായ കുട്ടികള്‍ സ്കൂളുകളില്‍ നിന്ന് കൊഴിഞ്ഞുപോകുന്നതിന് പ്രധാന കാരണം അവരുടെ സ്വന്തം ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് മാറുമ്പോഴുള്ള പ്രയാസമാണ്. ഇത് പരിഹരിക്കുന്നതിന് ഗോത്രഭാഷ അറിയുന്ന അധ്യാപകരെ മെന്‍റര്‍ ടീച്ചര്‍മാരായി അട്ടപ്പാടിയിലും വയനാട്ടിലും നിയമിച്ചു. 'ഗോത്രബന്ധു' എന്ന പദ്ധതി പ്രകാരം 269 അധ്യാപകരെയാണ് ഇങ്ങനെ നിയമിച്ചത്. അതോടെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്‍റെ നിരക്ക് ഗണ്യമായി കുറഞ്ഞു. സ്വന്തം ഭാഷയില്‍ അധ്യാപകരോട് സംസാരിക്കാന്‍ കഴിയുന്ന സാഹചര്യം അവര്‍ക്ക് നല്ല ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്.


പട്ടികവര്‍ഗ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തോടൊപ്പം സുരക്ഷയും പ്രധാനം ചെയ്യുന്നതിന് 'ഗോത്ര വാത്സല്യനിധി' എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇതിന്‍റെ പ്രയോജനം 2073 കുട്ടികള്‍ക്ക് ലഭിക്കുന്നു. വിദ്യാസമ്പന്നരായ 19,000 ത്തോളം പട്ടികവര്‍ഗ്ഗക്കാരുണ്ടെന്നാണ് കണക്കാക്കിയത്. അവര്‍ക്ക് ജോലി ഉറപ്പ് നല്‍കുന്നതിന് വിവിധ പദ്ധതികളാണ് നടപ്പാക്കുന്നത്. നിര്‍മാണ മേഖലയില്‍ നൈപുണ്യവികസന പരിശീലനം നല്‍കി 1140 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കി. പരിശീലനം ലഭിച്ചവര്‍ 54 സ്വയംസഹായ സഹകരണ സംഘങ്ങള്‍ ആരംഭിച്ച് സര്‍ക്കാരിന്‍റെ വിവിധ നിര്‍മാണ ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നു. പൊലീസ്, എക്സൈസ് എന്നീ വിഭാഗങ്ങളില്‍ പ്രത്യേക റിക്രൂട്ട്മെന്‍റ് വഴി 100 പേരെ നിയമിച്ചു. 125 പേര്‍ക്കു കൂടി ഉടനെ നിയമനം നല്‍കും.


ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പാരമ്പര്യ ധാന്യകൃഷി പ്രോത്സാഹിപ്പിക്കാനും അട്ടപ്പാടിയില്‍ കൃഷിവകുപ്പുമായി സഹകരിച്ച നടപ്പാക്കിയ മില്ലറ്റ് വില്ലേജ് എന്ന പദ്ധതി വിജയകരമായി മുന്നോട്ടുപോകുന്നു. വസ്ത്രനിര്‍മാണത്തില്‍ പരിശീലനം നല്‍കി സ്വയംതൊഴില്‍ ചെയ്യാന്‍ പട്ടികവര്‍ഗ വനിതകളെ പ്രാപ്തരാക്കുന്നതിന് അട്ടപ്പാടിയില്‍ അപ്പാരല്‍ പാര്‍ക്ക് ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി 292 വനിതകള്‍ക്ക് തൊഴില്‍ ലഭിച്ചു. വിദ്യാര്‍ത്ഥികളുടെ യൂണിഫോമും മാസ്ക്കും നിര്‍മിക്കുന്നത് ഇവിടെ പരിശീലനം ലഭിച്ച വനിതകളാണ്. പോഷകാഹാരം എല്ലാവര്‍ക്കും ലഭിക്കുന്നതിന് അട്ടപ്പാടിയില്‍ 192 സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. എല്ലാ ഗോത്രവര്‍ഗ കോളനികളിലും മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.  

Share this News Now:
  • Google+
Like(s): 956