13 September, 2020 08:36:30 PM


പ്രതിഷേധങ്ങള്‍ക്കും കാത്തിരിപ്പിനും വിരാമം: ജോസഫിന് വീടൊരുങ്ങുന്നു

വീട് പണിയാനുള്ള ധനസഹായം നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നതില്‍ പ്രതിഷേധിച്ച് പ്രഥമചെയര്‍മാനും വാര്‍ഡ് കൗണ്‍സിലറും കഴിഞ്ഞ വര്‍ഷം നഗരസഭയുടെ ഓണാഘോഷം ബഹിഷ്കരിച്ചിരുന്നു




ഏറ്റുമാനൂര്‍: വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ജോസഫിനും കുടുംബത്തിനും കയറികിടക്കാന്‍ വീടൊരുങ്ങുന്നു. പലകകൊണ്ട് മറച്ച് ടാര്‍പോളിന്‍ കെട്ടിയ ഒറ്റമുറിവീട്ടിലായിരുന്നു  ഹൃദ്രേഗിയായ വെട്ടിമുകള്‍ നരിക്കുഴിമലയില്‍ ജോസഫും കുടുംബവും താമസിച്ചിരുന്നത്. നല്ലൊരു മഴ പെയ്താല്‍, കാറ്റൊന്ന് വീശിയടിച്ചാല്‍ സകലദൈവങ്ങളേയും വിളിച്ച്  ഒതുങ്ങികൂടിയിരുന്ന ഈ കുടുംബത്തിന് വീടൊരുങ്ങുന്നത് പിഎംഎവൈ പദ്ധതി അനുസരിച്ച്. വീട് നിര്‍മ്മിക്കുന്നതിന് കേന്ദ്രസഹായം എത്തിയിട്ടും ജോസഫിനും ഒപ്പം അപേക്ഷിച്ച ആളുകള്‍ക്കും പണം കൈമാറാന്‍ നഗരസഭ കാലതാമസം വരുത്തിയത് ഏറെ വിവാദമായിരുന്നു. 


വീടുനിര്‍മ്മാണത്തിനുള്ള ധനസഹായം ലഭിക്കാന്‍ അപേക്ഷ നല്‍കിയവരില്‍  അന്തിമ പദ്ധതി റിപ്പോര്‍ട്ട് പ്രകാരം അംഗീകാരം ലഭിച്ച 250ലധികം പേര്‍ക്ക്  ആദ്യഗഡു നല്‍കാനുള്ള കേന്ദ്രവിഹിതം എത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ലഭിക്കാതെ പോയത് നഗരസഭയുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ടായിരുന്നു. നഗരസഭാവിഹിതം കൂടി ചേര്‍ത്ത് തുക അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യസമയത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ചില്ല. അതേസമയം, കോടികള്‍ വായ്പയെടുത്ത് വ്യാപാരസമുശ്ചയവും തീയേറ്റര്‍ കോംപ്ലക്സും കെട്ടിപടുക്കാനുള്ള നീക്കമാണ് നടന്നത്. ഈ നടപടിയില്‍ വന്‍പ്രതിഷേധമാണ് നഗരസഭാ കൗണ്‍സിലര്‍മാരുടെ ഭാഗത്തുനിന്നുപോലും ഉണ്ടായത്. ഒരു വര്‍ഷം മുമ്പ് നടന്ന നഗരസഭയുടെ ഓണാഘോഷം പ്രഥമ ചെയര്‍മാന്‍ ജയിംസ് തോമസ് പ്ലാക്കിതൊട്ടിലും പത്താം വാര്‍ഡ് കൗണ്‍സിലറായ എന്‍.വി.ബിനീഷും ബഹിഷ്കരിച്ചതും ഈ പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു. 



പ്രളയത്തിലും  കനത്ത മഴയിലും കയറി കിടക്കാന്‍ വീടില്ലാതെ വിഷമിക്കുന്ന ജോസഫിനെ പോലുള്ള ഒട്ടേറെ ആളുകള്‍ നഗരസഭാ പരിധിയില്‍ ഉള്ളപ്പോള്‍, അവര്‍ക്കു നേരെ കണ്ണടച്ച് ഓണം ആഘോഷിക്കുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി  എന്‍.വി.ബിനീഷാണ് അന്ന് ഓണാഘോഷപരിപാടിയില്‍ നിന്ന് ആദ്യം ഇറങ്ങിപോയത്. ഈ കൗണ്‍സിലറുടെ വാര്‍ഡിലാണ് ജോസഫിന് ഇപ്പോള്‍ വീടൊരുങ്ങുന്നത്. 


തോട്ടം തൊഴിലാളിയായിരുന്ന ജോസഫിന് ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ജോലിയെടുക്കാന്‍ പറ്റാതായി. ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് കഴിയുന്ന കുടിലില്‍ നിന്നും മോചനം ലഭിക്കുകയാണ് വീടിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ. വെട്ടിമുകള്‍ വെട്ടിമുകൾ സെന്‍റ് മേരീസ് പള്ളി വികാരി ജോസ് വരിക്കപള്ളിയുടെ കാർമ്മികത്വത്തിൽ വീടിന് തറക്കല്ലിട്ടു. കൗണ്‍സിലര്‍ ബിനീഷും സന്നിഹിതനായിരുന്നു. 

നാല് ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് വീട് വെയ്ക്കാന്‍ ധനസഹായം നല്‍കുക. ഇതില്‍ കേന്ദ്രവിഹിതം ഒന്നര ലക്ഷവും സംസ്ഥാനവിഹിതം ഒരു ലക്ഷവും നഗരസഭാ വിഹിതം ഒന്നര ലക്ഷവുമാണ്. കേന്ദ്രത്തിന്‍റെ ആദ്യഗഡു 40000 രൂപാ പ്രകാരം ഒരു കോടിയിലധികം രൂപ നഗരസഭാ അക്കൌണ്ടില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതോടൊപ്പം നല്‍കാന്‍ നഗരസഭയ്ക്ക് ഫണ്ടില്ലാതെ വന്നതാണ് താമസം നേരിടാന്‍ കാരണമായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K