09 September, 2020 05:24:45 PM


വിദ്യാഭ്യാസ മേഖലയിലെ വികസനത്തിന് സമൂഹത്തിന്‍റെ പിന്തുണ അനിവാര്യം-മുഖ്യമന്ത്രി



കോട്ടയം: കിഫ്ബി ധനസഹായത്തോടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടപ്പാക്കുന്ന മികവിന്‍റെ കേന്ദ്രം പദ്ധതിയില്‍ സംസ്ഥാനത്ത് നിര്‍മിച്ച 31 സ്കൂള്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം  വീഡിയോ കോണ്‍ഫറന്‍സിലൂടെ  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ലോകത്തിന്‍റെ ഏതു ഭാഗത്തെയും മികവാര്‍ന്ന സ്കൂളുകളോട് കിടപിടിക്കത്തക്ക രീതിയില്‍ സംസ്ഥാനത്തെ ഗ്രാമീണ മേഖലയില്‍ ഉള്‍പ്പെടെയുള്ള സ്കൂളുകളെ ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഇതിന് പൊതു സമൂഹത്തിന്‍റെ പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാന സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 14 സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിക്കും. ഇതിനു പുറമെ 250 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. എട്ടു മുതല്‍ പന്ത്രണ്ടു വരെ എല്ലാ ക്ലാസ് മുറികളും സാങ്കേതിക വിദ്യാ സൗഹൃദമാക്കാന്‍ നടപടി സ്വീകരിച്ചു. 45000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കി. അധ്യാപകര്‍ക്ക് സ്മാര്‍ട്ട് ക്ലാസ് കൈകാര്യം ചെയ്യാന്‍ പരിശീലനം നല്‍കി. ഇതുകൊണ്ടാണ് കോവിഡ് പ്രതിസന്ധിക്കിടയിലും പഠനപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കാന്‍ കഴിഞ്ഞത്.


എല്ലാ കുട്ടികള്‍ക്കും പഠന സൗകര്യം ഉറപ്പാക്കാന്‍ പൊതുജനങ്ങളും യുവജന പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും ഉള്‍പ്പെടെ എല്ലാവരും രംഗത്തിറങ്ങി. പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ സമൂഹത്തെ സജ്ജമാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. എല്ലാ ഭിന്നതകളും മറന്ന് ജനങ്ങള്‍ കൈകോര്‍ത്തതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സുഗമമായി നടപ്പാക്കാനായി.  ക്ലാസ് മുറികള്‍ തുറക്കാന്‍ കഴിയുന്ന ഘട്ടത്തില്‍ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കി ക്ലാസുകള്‍ തുടങ്ങും-മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ജില്ലയില്‍ പാലാ എം.ജി.ജി.എച്ച്.എസ്.എസ്, പൊന്‍കുന്നം  ജി.വി.എച്ച്.എസ്.എസ്, തൃക്കൊടിത്താനം  ജി.എച്ച്.എസ്.എസ് എന്നീ മൂന്ന് സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും നടന്നു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K