06 September, 2020 06:37:54 PM


'കനയ്യകുമാറിന്‍റെ പൗരത്വം റദ്ദാക്കണം'; ഹര്‍ജിക്കാരന് 25,000 രൂപ പിഴയിട്ട് കോടതി



അലഹാബാദ്: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മൃന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും സി.പി.ഐ നേതാവുമായ ഡോ. കനയ്യ കുമാറിന്റെ പൗരത്വം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതി തള്ളി. പ്രശസ്തിക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണ് ഹര്‍ജിയെന്ന് ജസ്റ്റിസുമാരായ ശശികാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.


കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും കോടതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുന്‍വിചാരവും കൂടാതെ വളരെ ലാഘവത്തോടെ പബ്ലിസിറ്റിക്ക് വേണ്ടി കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹര്‍ജിക്കാരനോട് 25,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.


കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് നാഗേശ്വര്‍ മിശ്ര എന്നയാള്‍ ഹര്‍ജി നല്‍കിയത്. മിശ്രയുടെ അഭിഭാഷകനായ ശൈലേഷ് കുമാര്‍ ത്രിപാഠി ഇന്ത്യന്‍ പൗരത്വ നിയമത്തിലെ പത്താം വകുപ്പ് ചൂണ്ടിക്കാട്ടിയാണ് വാദിച്ചത്. ഒരു വ്യക്തിയുടെ പൗരത്വം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയേക്കാവുന്ന സാഹര്യങ്ങളാണ് പത്താം പട്ടികയില്‍ പറയുന്നത്.


പ്രവൃത്തിയിലുടെയോ സംസാരത്തിലൂടെയോ ഭരണഘടനയോടുള്ള വഞ്ചന, വഞ്ചനയിലൂടെ പൗരത്വം നേടല്‍, യുദ്ധ സമയത്ത് ഭരണകൂടത്തിനെതിരെ ശത്രുക്കളുമായി ബന്ധപ്പെടല്‍ തുടങ്ങിയ കാര്യങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ പൗരത്വം പൊതുനന്മയ്ക്ക് വിരുദ്ധമാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഈ വകുപ്പ് പ്രയോഗിക്കാനാകൂ. 2016ല്‍ കനയ്യ കുമാര്‍ ജെ.എന്‍.യുിവില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ നടപടി എടുത്തില്ലെന്ന് ആരോപിച്ചാണ് പൗരത്വം റദ്ദാക്കാന്‍ ഹര്‍ജിക്കാരന്‍ ​കോടതിയെ സമീപിച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K