29 August, 2020 08:14:42 AM


ദ്രോണാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങാതെ അത്‌ലറ്റിക് കോച്ച് പുരുഷോത്തം റായ് വിടചൊല്ലി


Purushotham Rai ,  Dronacharya Award


ബംഗലൂരു: അത്‌ലറ്റിക് കോച്ച് പുരുഷോത്തം റായ് (79) അന്തരിച്ചു. ദ്രോണാചാര്യ പുരസ്‌കാരം വെര്‍ച്വല്‍ ചടങ്ങിലൂടെ ദേശീയ കായിക ദിനമായ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് സ്വീകരിക്കാനിരിക്കേയാണ് അന്ത്യം. ഇന്നലെ നടന്ന ഓണ്‍ലൈന്‍ റിഹേഴ്‌സലില്‍ പങ്കെടുത്തിരുന്നു. വൈകാതെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു.


കായിക മേഖലയ്ക്കു നല്‍കി സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരുഷോത്തം റായിയെ ദ്രോണാചാര്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. പുരസ്‌കാരത്തിനായി അദ്ദേഹം സ്വയം നാമനിര്‍ദേശം നല്‍കുകയായിരുന്നു. നിരവധി ഏഷ്യന്‍ ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ് ജേതാക്കളെ പരിശീലിപ്പിച്ച കോച്ചായിരുന്നു പുരുഷോത്തം . ഡെക്കാത്‌ലന്‍ താരമായിരുന്ന പുരുഷോത്തം നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സിലെ പഠനത്തിനു ശേഷം കോച്ചിംഗ് കരിയര്‍ തുടങ്ങി. അശ്വിനി നച്ചപ്പ, വന്ദന റാവു, മുരളിക്കുട്ടന്‍, എം.കെ ആശ, റോസക്കുട്ടി, ഇ.ബി ഷൈല, ജി.ജി പ്രമീള, ജയ്‌സി തോമസ് തുടങ്ങിയ താരങ്ങളുടെ പരിശീലകനായിരുന്നു.


ഇന്നലെ റിഹേഴ്‌സലില്‍ പങ്കെടുക്കുന്ന വേളയിലും അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിരുന്നുവെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു. പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നുവെന്നും കൊവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പരിപാടിക്കു ശേഷം വീട്ടിലെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിപ്പോഴേക്കും മരണമടഞ്ഞുവെന്നും അഞ്ജു പറഞ്ഞു. വിരമിച്ച ശേഷവും കായിക മേഖലയില്‍ അദ്ദേഹം സജീവമായിരുന്നുവെന്നും അഞ്ജു പറഞ്ഞു.


ഖേല്‍രത്‌ന പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വ്യാഴാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ അവര്‍ ദേശീയ കായിക പുരസ്കാര ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സഹോദരന്‍ വ്യക്തമാക്കി. പകരം അവരുടെ ഡലഹിയിലെ എന്‍.ഐ.സി സെന്റര്‍ ആയിരിക്കും പുരസ്‌കാരം സ്വീകരിക്കുക്. അര്‍ജുന അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ട സാത്‌വിക്‌സായ്‌രാജ് രങ്കിറെഡ്ഡിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും ചടങ്ങില്‍ പങ്കെടുക്കില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K