29 August, 2020 07:19:13 AM


മഞ്ചേശ്വരം എം എൽ എയും ജൂവലറി ചെയർമാനുമായ എം.സി. ഖമറുദ്ദീനെതിെരെ വഞ്ചനാ കുറ്റത്തിന് കേസ്

കാസർകോട്: മഞ്ചേശ്വരം എം എൽ എയും ഫാഷൻ ഗോൾഡ് ജൂവലറി ചെയർമാനുമായ എം.സി. ഖമറുദ്ദീൻ, ജ്വല്ലറി മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങൾ എന്നിവർക്കെതിരേ വഞ്ചനാകുറ്റത്തിന് ചന്തേര പോലീസ് കേസെടുത്തു. കാടങ്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, വെള്ളൂർ സ്വദേശിനികളായ ഇ.കെ. ആരിഫ, എം.ടി.പി. സുഹറ എന്നിവരുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

തിരച്ചുതരാമെന്ന വ്യവസ്ഥയിൽ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് ഇവർക്കെതിരായ പരാതി. 30 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയും ആവശ്യപ്പെട്ടപ്പോൾ തിരിച്ചുതന്നില്ലെന്ന് അബ്ദുൾ ഷുക്കൂറിന്റെ പരാതിയിൽ പറയുന്നു. ആരിഫയും സുഹറയും ചന്തേര സ്റ്റേഷനിലെത്തി നേരിട്ട് മൊഴി നൽകി. ഇതിൽ സുഹറയിൽനിന്ന് 15 പവനും ഒരുലക്ഷം രൂപയും ആരിഫയിൽനിന്ന് മൂന്നുലക്ഷം രൂപയും വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. ഇവരുടെ പരാതിയിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.


അതേസമയം, കേസ് രാഷ്ട്രീയപ്രേരിതമെന്ന് ഖമറുദ്ദീൻ .
ഫാഷൻ ഗോൾഡ് ജൂവലറി ഒട്ടേറെ നിക്ഷേപകരുള്ള ലിമിറ്റഡ് കമ്പനിയാണ്. നിക്ഷേപകർക്ക് ലാഭവിഹിതം കൊടുത്തിരുന്നു. നഷ്ടത്തിലായതിനാൽ സ്ഥാപനം അടച്ചു. നിക്ഷേപിച്ച തുക തിരിച്ചുനൽകാൻ കർമസമിതിയുമായി ചർച്ച നടത്തി. മൂന്നുമാസത്തിനകം പരിഹരിക്കാമെന്ന് ധാരണയായതാണ്. കേസ് രാഷ്ട്രീയപ്രേരിതമാണ്- എം.സി. ഖമറുദ്ദീൻ എം.എൽ.എ. പറഞ്ഞു. ജൂവലറി, കമ്പനിനിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനമാണ്. കോടതി മുഖാന്തരമാണ് കേസെടുക്കേണ്ടത്. പോലീസിന് കേസെടുക്കാനുള്ള അധികാരമില്ല- അദ്ദേഹം പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K