28 August, 2020 10:17:06 PM


കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി വസന്തകുമാര്‍ കോവിഡ് ബാധിച്ച് മരിച്ചു


Vasanthkumar, Covid 19


കന്യാകുമാരി: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് ലോക്‌സഭാംഗം മരിച്ചു. കന്യാകുമാരിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയും വ്യവസായിയുമായ എച്ച് വസന്തകുമാര്‍ (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് വസന്തകുമാര്‍ മരിച്ചത്.


തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഹോം അപ്ലൈന്‍സസ് വില്‍പ്പന ശൃംഖലയായ വസന്ത് ആന്‍ഡ് കമ്പനിയുടെ സ്ഥാപകനാണ് വസന്തകുമാര്‍. കോവിഡ് ബാധിധനായതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന വസന്തകുമാര്‍ വെന്‍റിലേറ്ററിലായിരുന്നു. ഓഗസ്റ്റ് പത്തിനാണ് വസന്തകുമാറിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


രണ്ട് തവണ തമിഴ്‌നാട് നിയമസഭാംഗമായിരുന്നു. 2006ലും 2016ലും നംഗുനേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കന്യാകുമാരിയില്‍ നിന്ന് വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജിവച്ചു. സിറ്റിംഗ് എം.പി പൊന്‍ രാധാകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വസന്തകുമാര്‍ ലോക്‌സഭയിലേക്ക് വിജയിച്ചത്.

തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്‍റ് കുമാരി ആനന്ദന്‍ വസന്തകുമാറിന്റെ സഹോദരിയാണ്. തെലങ്കാന ഗവര്‍ണറും ബി.ജെ.പി നേതാവുമായ തമിളിസൈ സൗന്ദരരാജന്‍ അടുത്ത ബന്ധുവാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K