27 August, 2020 06:37:58 AM


തിരുവനന്തപുരം വിമാനത്താവളം: വിവാദത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കരുത് - യൂസഫലി



ദുബായ്: തിരുവനന്തപുരം വിമാനത്താവളം സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന വിവാദത്തിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും ഈ വിഷയവുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്റേതാണ്. ഇതിനെതിരേയുള്ള കേരളസർക്കാരിന്റെ നിലപാടുമായും തനിക്ക് ബന്ധമൊന്നുമില്ല. വിമാനത്താവളം നടത്തിപ്പുചുമതല കിട്ടാൻ അപേക്ഷിച്ചിട്ടുമില്ല. ഇതുസംബന്ധിച്ച് നടക്കുന്ന കേന്ദ്ര-കേരള തർക്കത്തിലേക്ക്‌ എന്നിട്ടും തന്റെ പേര് വലിച്ചിഴക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് സൂംവഴി നടത്തിയ പത്രസമ്മേളനത്തിൽ യൂസഫലി പറഞ്ഞു.

തിരുവനന്തപുരത്ത് ഏറ്റവും വലിയ ഷോപ്പിങ് മാളും എല്ലാവിധ സജ്ജീകരണങ്ങളുമായി ഹയാത്ത് പഞ്ചനക്ഷത്രഹോട്ടൽ ലുലുഗ്രൂപ്പ് പണിതുവരികയാണ്. വലിയ നിക്ഷേപമാണ് തിരുവനന്തപുരത്ത് ലുലു നടത്തുന്നത്. വിമാനത്താവളവികസനത്തിനും നവീകരണത്തിനും സ്വകാര്യപങ്കാളിത്തം ആവശ്യമാണെന്ന് ഇന്ത്യയിലെ മറ്റ് പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിലൂടെ തിരിച്ചറിയുന്നുണ്ട്. തിരുവനന്തപുരവും ആ രീതിയിൽ വളരണമെന്നാണ് ആഗ്രഹം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉടമകളായ സിയാലിൽ താൻ ഉൾപ്പെടെ 19600 ഓഹരി ഉടമകളുണ്ട്. കണ്ണൂരിൽ എണ്ണായിരത്തിലേറെയാണ് ഓഹരി ഉടമകൾ. അവിടെ ഇപ്പോഴും ഓഹരികൾ ആർക്കുവേണമെങ്കിലും വാങ്ങാനുമാവും. എന്നിട്ടും തന്നെമാത്രം ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിലെ യുക്തി മനസ്സിലാകുന്നില്ലെന്ന് യൂസഫലി പറഞ്ഞു. ഇപ്പോൾ തിരുവനന്തപുരത്ത് കേന്ദ്രം തീരുമാനമെടുത്തുകഴിഞ്ഞു. അതിനെ അനുകൂലിക്കുന്നു. മറിച്ചൊരു തീരുമാനം വന്നാൽ അപ്പോൾ അഭിപ്രായം പറയാമെന്നും ചോദ്യത്തിന് മറുപടിയായി യൂസഫലി പറഞ്ഞു.

വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയമായ സമവായം ഉണ്ടാവണമെന്നാണ് എക്കാലത്തും തന്റെ നിലപാട്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും ഗൾഫ് നാടുകളിലെ വാണിജ്യരംഗം അതിവേഗം പഴയനിലയിലേക്ക് വരുന്നുവെന്നത് പ്രതീക്ഷ നൽകുന്നു. ഓണം പ്രമാണിച്ച് ആയിരം ടൺ പച്ചക്കറികളും പഴങ്ങളുമാണ് ലുലുഗ്രൂപ്പ് ഗൾഫ് വിപണിയിൽ എത്തിക്കുന്നതെന്നും യൂസഫലി വിശദീകരിച്ചു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K