06 August, 2020 07:30:45 PM


സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് സങ്കീര്‍ണമാകുമ്പോള്‍ കോവിഡും കൂടുന്നു - ഉമ്മന്‍ചാണ്ടി



തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാര്‍ മൂക്കോളം മുങ്ങിയതിനെ തുടര്‍ന്നാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അലംഭാവവും വീഴ്ചയും ഉണ്ടായതെന്ന് സര്‍ക്കാര്‍ രേഖകളില്‍ നിന്നു വ്യക്തമാകുന്നുവെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോവിഡ് 19 മഹാമാരി വ്യാപിക്കുന്നതിന്‍റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ ചുമത്തി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം വിലപ്പോകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.  എ.


മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഒന്നിലധികം മന്ത്രിമാരും സ്പീക്കറുമൊക്കെ സംശയത്തിന്റെ നിഴിലാണ്. ഒരോ ദിവസവും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാകുന്നു.  സര്‍ക്കാരിന്റെ പ്രഥമ പരിഗണന ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ എങ്ങനെ പിടിച്ചുനില്ക്കാം എന്നതിലാണ്. കോവിഡും പ്രളയവുമൊക്കെ അതു കഴിഞ്ഞേ വരുന്നുള്ളു.


യുഎഇ കോണ്‍സുലേറ്റില്‍ നിന്നു സ്വര്‍ണം എത്തിയ ജൂണ്‍ 30ന് കേരളത്തില്‍ ആകെയുണ്ടായിരുന്നത് 131 കോവിഡ് രോഗികളാണ്. കള്ളക്കടത്തു പാഴ്സല്‍ തുറന്ന ജൂലൈ 5 ന് 225 രോഗികള്‍. കേസ് എന്‍ഐഎ ഏറ്റെടുത്ത ജൂലൈ 9ന് 339 രോഗികള്‍. സ്വപ്നയും സന്ദീപും പിടിയിലായ ജൂലൈ 11ന് 488 രോഗികള്‍. സ്വര്‍ണക്കടത്തു കേസ് ഊര്‍ജിതമായ ജൂലൈ 15 മുതലാണ് രോഗികളുടെ എണ്ണം കുതിച്ചു കയറുന്നത്- 623 പേര്‍. സമ്പര്‍ക്കത്തിലൂടെ 432 പേര്‍ രോഗികളായി. ഉറവിടം അറിയാത്ത രോഗികളും രംഗപ്രവേശം ചെയ്തു- 37 പേര്‍. 34 പേര്‍ മരിക്കുകയും ചെയ്തു.


കള്ളക്കടത്ത് കേസ് ഓരോ ദിവസം സങ്കീര്‍ണമായിക്കൊണ്ടിരിക്കുമ്പോള്‍ കോവിഡ് കേസുകളും മുന്നേറുകയാണ്. ജൂലൈ 22ന് രോഗികളുടെ എണ്ണം ആയിരം കവിഞ്ഞു. ഇതില്‍ 57 പേരുടെ ഉറവിടം അറിയില്ല. ഓഗസ്റ്റ് ഒന്നിന് 1129 രോഗികള്‍, 36 പേരുടെ ഉറവിടം അറിയില്ല. 81 മരണം. ഓഗസ്റ്റ് 6ന് 1298 രോഗികള്‍, 76 പേരുടെ ഉറവിടം അറിയില്ല. മരണസംഖ്യ 97. കള്ളക്കടത്തു കേസ് പുരോഗമിക്കുമ്ബോള്‍, സര്‍ക്കാരിന്റെ ശ്രദ്ധ പതറുന്നുവെന്നു വ്യക്തമാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K