25 July, 2020 01:31:41 PM


ക്വറന്‍റീനിൽ നിന്നു മുങ്ങിയ മുൻ സബ് കളക്ടർക്ക് വീണ്ടും നിയമനം; ഗൺമാൻ സസ്പെൻഷനിൽ



കൊല്ലം: ക്വാറന്‍റീൻ ലംഘിച്ച് മുങ്ങിയ കൊല്ലം മുൻ സബ് കളക്ടർക്ക് വീണ്ടും നിയമനം. എന്നാൽ ഇദ്ദേഹത്തിന്‍റെ സുരക്ഷയുണ്ടായിരുന്ന പോലീസുകാരൻ ഇപ്പോഴും സസ്പെൻഷനിൽ. കൊല്ലം സബ് കളക്ടറായിരുന്ന അനുപം മിശ്രയ്ക്ക് ആലപ്പുഴയിലാണ് പുതിയ നിയമനം. സസ്പെൻഷൻ സംബന്ധിച്ച പോലീസുകാരന്‍റെ ചോദ്യത്തിന് വിവരാവകാശ നിയമപ്രകാരം ശരിയായ മറുപടികൾ ലഭിക്കുന്നുപോലുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍.


സിംഗപ്പൂർ യാത്ര മറച്ചുവച്ച് കോവിഡ് കാലത്ത് ഡ്യൂട്ടിയിൽ പ്രവേശിച്ചതിനായിരുന്നു അനുപം മിശ്രയെ ക്വാറന്‍റീനിൽ വിട്ടത്. യാത്ര കഴിഞ്ഞ് മാർച്ച് 19ന് അനുപം മിശ്ര കൊല്ലം സബ് കളകടർ എന്ന നിലയിൽ വീണ്ടും ജോലിയിൽ പ്രവേശിക്കാൻ തിരികെ എത്തി. വിദേശയാത്രാ വിവരമറിഞ്ഞ് ജില്ലാ കളക്ടറുടേതായിരുന്നു ക്വറന്‍റീൻ നിർദ്ദേശം. എന്നാൽ മാർച്ച് 19ന് തന്നെ ആരെയും അറിയിക്കാതെ അനുപം മിശ്ര ബ്ലാംഗ്ലൂരിലേക്ക് പോയി. വാക്കാൽ താക്കീത് നൽകി സർവീസിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടിരുന്ന അനുപം മിശ്രയ്ക്ക് ഈ മാസം 7 ന് ആലപ്പുഴ സബ് കളക്ടറായി വീണ്ടും നിയമന ഉത്തരവ് നൽകി.


ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ബന്ധുവാണ് യുവ ഐഎഎസുകാരൻ. എന്നാൽ, അനുപം മിശ്രയുടെ ഗൺമാനായ കൊല്ലം എ ആർ ക്യാമ്പിലെ പോലീസുകാരൻ സജീവ് 4 മാസമായി സസ്പെൻഷനിൽ തുടരുന്നു. ക്വാറന്‍റീൻ ലംഘിച്ചുവെന്നതിന്‍റെ പേരിലാണ് ഡ്രൈവർക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാൽ മിശ്രയ്ക്ക് ക്വാറന്‍റീൻ നിർദ്ദേശിച്ചതു പോലീസുകാരൻ അറിഞ്ഞില്ലെന്നാണ് പറയപ്പെടുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K