17 July, 2020 01:51:42 PM


സ്വപ്നയെ നിയമിച്ചത് ശിവശങ്കർ; സ്പേസ് പാർക്കിലേക്ക് ശുപാർശ ചെയ്തെന്നും റിപ്പോർട്ട്



തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കറിന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധം വ്യക്തമാക്കി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. കേരളാ സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ സ്വപ്നയ്ക്കു നിയമനം നൽകിയത് ശിവശങ്കറാണെന്നതാണ് പ്രധാന കണ്ടെത്തൽ. സ്പേസ് പാർക്കിലേക്ക് സ്വപ്നയെ ശുപാർശ ചെയ്തതും ശിവശങ്കറാണെന്ന് റിപ്പോർട്ടിലുണ്ട്.


അതേ സമയം സ്വർണക്കടത്ത് കേസിലെ സർക്കാർ നടപടി ശിവശങ്കറിൻ്റെ സസ്പെൻഷനിൽ ഒതുങ്ങില്ലെന്നാണ് സൂചന.  സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഐ.ടി വകുപ്പിലെ നിയമനങ്ങളെ കുറിച്ച്  സമഗ്ര അന്വേഷണത്തിനാണ് വഴിയൊരുങ്ങുന്നത്. സസ്പെൻഷനിലായ ശിവശങ്കറിന് എതിരായ  വകുപ്പുതല അച്ചടക്കനടപടി തുടരും. ഒപ്പം കൂടുതൽ അന്വേഷണങ്ങളുമുണ്ടാകും. കഴിഞ്ഞ നാലു വർഷവും എം. ശിവശങ്കറാണ് ഐടി വകുപ്പിലെ കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നത്.  പദ്ധതികൾ തീരുമാനിക്കുന്നതും അവയ്ക്ക് കരാറുകളും ഉപകരാറുകളും വീതം വയ്ക്കുന്നതിലും തുടങ്ങി നിയമനങ്ങളിൽ വരെ പൂർണ നിയന്ത്രണം. അതാണ് ഇപ്പോൾ പരിശോധിക്കപ്പെടുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നിരവധി എക്സ്പോകളും ഡിജിറ്റൽ കോൺ ക്ലേവുകളും സംസ്ഥാനത്തിനകത്തും പുറത്തുമായി സംഘടിപ്പിച്ചിരുന്നു. ഇതിനൊക്കെ ശിവശങ്കറിന് സഹായിയായി ഒപ്പം നിന്നത് അരുൺ ബാലചന്ദ്രനാണ്. സർക്കാർ ഉദ്യോഗസ്ഥരെ കാഴ്ചക്കാരാക്കിയാണ് ഐടി പ്രൊഫഷണലുകളെന്ന പേരിൽ ഒരു സംഘം വകുപ്പിനെ നിയന്ത്രിച്ചത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥർക്കടക്കം കടുത്ത അതൃപ്തിയുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തിൽ അതും പ്രതിഫലിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K