16 July, 2020 08:06:00 PM


എം ശിവശങ്കറിന് സസ്പെൻഷൻ: സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് മുഖ്യമന്ത്രി



തിരുവനന്തപുരം: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ ഐഎഎസ് ഉദ്യോഗസ്ഥൻ എം ശിവശങ്കറിന് സസ്പെൻഷൻ. മുൻ ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിവിൽസർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായി കാണിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ  പറഞ്ഞു.


മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായും ഐടി സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിന്റെ പേരിൽ സ്ഥാനത്തുനിന്ന് മാറ്റുന്നത്. സ്വ‍ർണക്കടത്ത് കേസിലെ പ്രതികളും ശിവശങ്കറുമായുള്ള അടുത്ത ബന്ധത്തിന്റെ  തെളിവുകൾ പുറത്തുവന്നിട്ടും ശിവശങ്കറിനെതിരെ നടപടി വൈകുന്നത് വലിയ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പ് സെക്രട്ടറിയും അടങ്ങുന്ന സമിതിയുടെ റിപ്പോർട്ട് വരെട്ടെ എന്ന നിലപാടായിരുന്നു മുഖ്യമന്ത്രി ഇതുവരെ സ്വീകരിച്ചത്.


പ്രതികളുമായി ശിവശങ്കറിനുള്ള അടുപ്പവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയതിന് പിന്നാലെയാണ് നടപടി. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങൾ ശിവശങ്കർ ലംഘിച്ചെന്നാണ് സർക്കാർ നിയോഗിച്ച സമിതിയുടെ കണ്ടെത്തൽ. റിപ്പോർട്ട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് വ്യക്തമാക്കാമെന്നും പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K