14 July, 2020 04:48:16 PM


സ്വപ്നയ്ക്കെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്



തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് സൂചന. രണ്ടു മാസം മുൻപ് നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെ കാണിച്ചില്ലെന്നാണ് വിവരം. ഇതുസംബന്ധിച്ച് പരിശോധന നടത്താനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. വീഴ്ച വരുത്തിയവർക്കെതിരേ നടപടിക്കും സാധ്യതയുണ്ട്.


രഹസ്യങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കാൻ ചുമതലപ്പെട്ട സ്പെഷൽ ബ്രാഞ്ച് അതിൽ വീഴ്ച വരുത്തിയെന്നായിരുന്നു ഇതുവരെയുള്ള വിലയിരുത്തൽ. എന്നാൽ സ്പെഷൽ ബ്രാഞ്ച് തങ്ങളുടെ ചുമതല നിർവഹിച്ചിരുന്നെന്നും വീഴ്ചയുണ്ടായത് മുഖ്യമന്ത്രിയുടെ ഓഫീസിനു തന്നെയാണെന്നുമാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സ്വപ്നയെ സംബന്ധിച്ച വിശദവിവരങ്ങൾ രണ്ടുമാസം മുൻപേ സ്പെഷൽ ബ്രാഞ്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നു.


ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ  ശിവശങ്കറും സ്വപ്നയുമായുള്ള സൗഹൃദം സർക്കാരിനെ എങ്ങനെ ബാധിക്കും എന്നതിന്‍റെ വിശദാംശങ്ങള്‍ ഉൾപ്പെടുത്തിയായിരുന്നു റിപ്പോർട്ട്. എന്നാൽ സുപ്രധാനമായ ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് മുന്നിൽ എത്തുന്നതിന് മുൻപ് ആരോ ഇടപെട്ട് തടഞ്ഞെന്നു വ്യക്തം. അത് ആരാണെന്ന അന്വേഷണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K