14 July, 2020 04:48:05 PM


സ്വർണക്കടത്ത് പ്രതികൾ ഫോണ്‍ ചെയ്തവരുടെ ലിസ്റ്റില്‍ മന്ത്രി കെ.ടി ജലീലും ശിവശങ്കറും



തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും സർക്കാരിലെ ഉന്നതരുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന ഫോൺ കോൾ ലിസ്റ്റ് പുറത്തായി. ഉന്നത വിദ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എന്നിവരുമായി സ്വപ്ന നിരവധി തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും കോൾ ലിസ്റ്റ് വ്യക്തമാക്കുന്നു. മന്ത്രി ജലീലിന്‍റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെയും സ്വപ്ന വിളിച്ചിട്ടുണ്ട്.


അതേസമയം റമസാന്‍ കാലത്ത് യുഎഇ കോണ്‍സുലേറ്റിന്‍റെ ഭക്ഷണവിതരണ കിറ്റിന്‍റെ വിതരണവുമായി ബന്ധപ്പെട്ട് വിളിച്ചെന്നാണ് മന്ത്രി കെ.ടി. ജലീലിന്‍റെ വിശദീകരണം. യുഎഇ കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വപ്നയെ വിളിച്ചതെന്നും മന്ത്രി പറയുന്നു. ജൂണിൽ  9 തവണയാണ് മന്ത്രി കെ.ടി. ജലീലും സ്വപ്നയും തമ്മിൽ ഫോണിൽ സംസാരിച്ചത്. ജൂൺ ഒന്നിന് മാത്രമാണ് സ്വപ്ന മന്ത്രിയെ വിളിച്ചത്. ബാക്കിയുള്ള എട്ട് തവണയും മന്ത്രി അങ്ങോട്ട് വിളിക്കുകയായിരുന്നു.


ജൂൺ ഒന്നാം തീയതി ഉച്ചയ്ക്ക് 1.27ന് 98 സെക്കൻഡ് സംസാരിച്ചു. രണ്ടാം തീയതി വൈകിട്ട് 4 മണിക്കുള്ള സംഭാഷണം 64 സെക്കൻഡ് നീണ്ടു. ജൂൺ അഞ്ചാം തീയതി ഉച്ചയ്ക്ക് 1.59ന് 89 സെക്കൻഡ് സംസാരിച്ചു. ജൂൺ എട്ടാം തീയതി ഉച്ചയ്ക്ക് 1.9ന് 105 സെക്കൻഡ് സംസാരിച്ചു. ജൂൺ 16-ന് വൈകിട്ട് 7.59ന് 79 സെക്കൻഡ് സംസാരിച്ചു. ജൂൺ 23ന് രാവിലെ 10.13ന് നാണ് അടുത്ത കോൾ. അപ്പോഴേക്ക് കാൾ കട്ടായി സ്വപ്ന എസ്എംഎസ് അയച്ചു. 10.15ന് 54 സെക്കൻഡ് സംസാരിച്ചു. ജൂൺ 24ന് രാവിലെ 9.50ന് 84 സെക്കൻഡ് സംസാരിച്ചു.


ജൂൺ മൂന്നാം തീയതി സരിത്ത് എംബസി ഡ്രൈവറെയും അറ്റാഷേയും വിളിച്ചു. സരിത്ത് നിരവധി തവണ ശിവശങ്കറിനെ വിളിച്ചതിന്‍റെ വിവരവും പുറത്തു വന്നിട്ടുണ്ട്. മന്ത്രി ജലീലിന്‍റെ പേഴ്സനൽ സ്റ്റാഫ് അംഗം നാസറിനെയും സരിത്ത് വിളിച്ചിട്ടുണ്ട്. അതേസമയം വാട്സാപ്പ് കോളുകൾ സംബന്ധിച്ച വിവരങ്ങളും പരിശോധിക്കുമെന്ന് എൻ.ഐ.എ വ്യക്തമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K