12 July, 2020 02:44:06 PM


സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച്‌ സി പി ഐ മുഖപത്രത്തില്‍ ലേഖനം



തിരുവനന്തപുരം: സര്‍ക്കാരിനെയും സി പി എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ സി പി ഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. സി പി ഐ അസിസ്റ്റന്‍റ് സെക്രട്ടറി സത്യന്‍ മൊകേരി എഴുതിയ ലേഖനത്തില്‍ സ്വപ്‌നാ സുരേഷിന്‍റെ ഐ ടി വകുപ്പിലെ നിയമനം, സ്പ്രിങ്ക്ളര്‍ കരാര്‍ എന്നിവയിലാണ് വിമര്‍ശനമുന്നയി​ച്ചി​രി​ക്കുന്നത്. എല്ലാ സര്‍ക്കാര്‍ നിയമനങ്ങളും സുതാര്യമാകണമെന്ന് ലേഖനത്തി​ല്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്.


"സ്വര്‍ണക്കടത്ത് : പ്രതിപക്ഷത്തിനും ബിജെപിക്കും രാഷ്ട്രീയലക്ഷ്യം മാത്രം" എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ലേഖനത്തിലാണ് പ്രതിപക്ഷത്തേയും ബിജെപിയും കുറ്റപ്പെടുത്തുന്നതോടൊപ്പം സര്‍ക്കാരിന്‍റെ ചില നയങ്ങലെ വിമര്‍ശിക്കുന്നത്. സര്‍ക്കാരിനോ ഇടത് മുന്നണിക്കോ വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണം എന്നും ആവശ്യപ്പെടുന്ന ലേഖനത്തിന്‍റെ ഭാഗം ചുവടെ.


"ഗവണ്‍മെന്‍റിന് നയവ്യതിയാനങ്ങളും പോരായ്മകളും ഉണ്ടാകുമ്പോള്‍ സിപിഐ അത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ചില ഘട്ടങ്ങളില്‍ പരസ്യമായും അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുമുണ്ട്. ഇതെല്ലാം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കൂടുതല്‍ ശക്തിപ്പെടുത്താനും ജനങ്ങളുടെ പ്രതീക്ഷക്കനുസൃതമായി ഗവണ്‍മെന്റ് മുന്നോട്ടുപോകാനുമാണ്. സ്പ്രിംഗ്ളര്‍ ഇടപാടില്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഒരു കരാറുണ്ടാക്കിയതിന് സിപിഐ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ ചുമതലയില്‍ നിന്നും മാറ്റണം എന്നു പറയാന്‍ പാര്‍ട്ടി മടിച്ചില്ല. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഉണ്ടായത്. സര്‍ക്കാര്‍തലത്തില്‍ നടക്കുന്ന നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം. നിയമനങ്ങള്‍ കണ്‍സള്‍ട്ടിങ് കമ്പനികളെ ഏല്‍പ്പിക്കുന്നത് ശരിയായ നടപടിയായി കാണാന്‍ കഴിയില്ല. കണ്‍സള്‍ട്ടിങ് കമ്പനികള്‍ക്ക്, അവരുടെ ബിസിനസ് താല്പര്യം മാത്രമാണ് ഉണ്ടാകുക. ഇടതു കാഴ്ചപ്പാട് അവര്‍ക്ക് അയലത്തെ ഉണ്ടാവില്ല. അനധികൃതമായി പലരും കടന്നുവരുന്നതിന് അതൊക്കെ വഴിവയ്ക്കുമെന്ന് അനുഭവത്തില്‍ മനസിലാക്കുവാന്‍ കഴിയണം..."


കഴിഞ്ഞദിവസം സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച്‌ എഡിറ്റോറിയലും ജനയുഗം പ്രസിദ്ധീകരിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K