08 July, 2020 10:17:10 PM


സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനം: കൊല്ലത്ത് കോവിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു



കൊല്ലം: സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അതിവേഗം കണ്ടെത്തുന്നതിനും നിയന്ത്രണ നടപടികള്‍ കൈക്കൊള്ളുന്നതിനും സഹായകമായി ആന്റിജന്‍ ടെസ്റ്റ് ജില്ലയില്‍ ആരംഭിച്ചു. ടെസ്റ്റിംഗ് കഴിഞ്ഞ് 15 മിനിറ്റിനകം ഫലം അറിയാമെന്നതാണ് ആന്റിജന്‍ ടെസ്റ്റിംഗിന്റെ സവിശേഷതയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. 


ഇതോടെ ജില്ലയില്‍ ആര്‍ ടി-പി സി ആര്‍ സ്വാബ് ടെസ്റ്റിംഗ്, ട്രൂ നാറ്റ്, ആന്റിജന്‍ എന്നിങ്ങനെ മൂന്നു തരം ടെസ്റ്റിംഗ് നിലവിലുണ്ട്. കൂടാതെ രോഗം വന്നുപോയവരെ തിരിച്ചറിയുന്നതിന് വണ്‍ ടൈം ആന്റിബോഡി പരിശോധനയും നടത്തി വരുന്നു. ആന്റിജന്‍ പരിശോധനയ്ക്കുള്ള സാമ്പിളുകള്‍ ജില്ലയില്‍ ശേഖരിക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം രണ്ടു പൊലീസ് ജില്ലകളിലായി നടന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, കൊല്ലം റൂറല്‍ എസ് പി ഹരിശങ്കര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ആദ്യദിനം പരിശോധിച്ച 167 സാമ്പിളുകളും നെഗറ്റീവായിരുന്നു.


ആദ്യഘട്ടത്തില്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും തുടര്‍ന്ന് സാമൂഹ്യ ഇടപെടല്‍ കൂടുതലായി കാണുന്ന സ്ഥലങ്ങളിലുമുള്ള മുഖ്യധാരയില്‍ നിരന്തരം ഇടപെടുന്ന വിവിധ വിഭാഗങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യപ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ വകുപ്പിലെ ജീവനക്കാര്‍, കടയുടമകള്‍, സെയില്‍സ് പേഴ്‌സണ്‍, ഹാര്‍ബറുകളില്‍ പണിയെടുക്കുന്നവര്‍, രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ എന്നിവരെയാണ് പരിശോധിക്കുക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K