07 July, 2020 08:17:10 PM


'പെണ്ണൊരുമ്പെട്ടാല്‍': ഉമ്മന്‍ചാണ്ടിക്ക് സരിതയെന്ന പോലെ പിണറായിക്ക് 'പാര'യായി സ്വപ്ന



തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്കും മുന്‍ ഐടി സെക്രട്ടറിക്കും മേലുള്ള രാഷ്ട്രീയ കുരുക്കുകൾ മറുകുന്നതിനിടയിൽ സ്വപ്ന സുരേഷ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ പതനം ഒരു പെണ്ണ് കാരണമായിരുന്നു. ഇതേ അവസ്ഥ മുഖ്യമന്ത്രി പിണറായി വിജയനും സംഭവിക്കുമോ എന്നതാണ് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ആ രീതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫും ബിജെപിയും.


ഇതിനിടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. ഉമ്മന്‍ചാണ്ടിക്കും യുഡിഎഫിനും സോളാർ സരിതയെങ്കിൽ പിണറായിക്കും എല്‍ഡിഎഫിനും സ്വർണം സ്വപ്നയുണ്ടെന്നാണ് ട്രോളർമാരുടെ വാദം. വലത് പക്ഷ ജനാധിപത്യ മുന്നണിക്ക് സരിത നായർ ആയിരുന്നു കൂട്ടെങ്കിൽ ഇടത് പക്ഷ ജനാധിപത്യമുന്നണിക്ക് സ്വപ്നയുണ്ട്. ഇങ്ങനെ നീളുന്ന ട്രോളുകൾക്ക് ഒരു അന്തവും കുന്തവും ഇല്ലാതായിരിക്കുന്നു. 


സോളാര്‍ കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് പിണറായി വിജയന്‍ പ്രസംഗിക്കുന്ന വീഡിയോ വരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സോളാര്‍ വിഷയത്തില്‍ ഏറെ ആരോപണങ്ങള്‍ നേരിട്ട ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്തിന് പ്രധാന കാരണമായത് സരിതാ നായരായിരുന്നു. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന് ഇനി അവശേഷിക്കുന്നത് മാസങ്ങള്‍ മാത്രം. അടുത്ത തെരഞ്ഞെടുപ്പില്‍ സരിതയ്ക്കു പകരം അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ യുഡിഎഫിന് ഒരായുധമായി സ്വപ്നയെയും ലഭിച്ചിരിക്കുകയാണ്.


പെണ്ണൊരുമ്പെട്ടാല്‍ - യുഡിഎഫിനെന്ന പോലെ എല്‍ഡിഎഫിനും 'സ' യിൽ തന്നെ പേര് തുടങ്ങുന്ന സ്ത്രീ തന്നെ വിനയായി മാറിയതും ശ്രദ്ധേയം. എന്നാൽ ആരോപണങ്ങളിലും ആക്ഷേപങ്ങളിലും തൽക്കാലം മൗനം പാലിക്കാനാണ് സിപിഎം സൈബർ പോരാളികൾക്കും നേതാക്കൾക്കും ലഭിച്ച നിർദേശം. ഫേയ്സ് ബുക്കിൽ ഇന്നലെ സൈബർ സഖാക്കൾ ലീവായിരുന്നുവെന്നും ന്യായീകരണ തൊഴിലാളികള്‍ മുങ്ങിയെന്നുമാണ് ഇപ്പോള്‍ മറുപക്ഷം ആരോപിക്കുന്നത്. എതായാലും ട്രോളൻമാർക്ക് ഒരു കാരണം കൂടിയായി.


പ്രശ്നം കൂടുതൽ വഷളായതോടെ എല്ലാം ഐടി സെക്രട്ടറിക്കുമേൽ ചാരി തടിതപ്പാനുള്ള നീക്കവും അണിയറയില്‍ നടന്നു. സ്വപ്നയുടെ നിയമനം സംബന്ധിച്ച് തനിക്കൊന്നുമറിയില്ലെന്ന് മുഖ്യമന്ത്രിയുടെ വാക്കുകൾ ഇതിന്‍റെ സൂചനകളായിരുന്നുവെന്നാണ് രാഷ്ട്രീയതലത്തിലുള്ള വിലയിരുത്തല്‍. ഇന്ന് ഐടി സെക്രട്ടറിയുടെ കസേര തെറിച്ചതോടെ ഈ ഊഹാപോഹങ്ങള്‍ ഏതാണ്ട് ശരിയാവുകയും ചെയ്തു. 


വരാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിക്കെതിരെ പ്രയോഗിക്കാന്‍ യുഡിഎഫിനും ബിജെപിയ്ക്കും ലഭിച്ച ഒരായുധം കൂടിയാണിത്. എന്നാൽ ആരോപണങ്ങളിലും ആക്ഷേപങ്ങളിലും തൽക്കാലം മൗനം പാലിക്കാനാണ് സി.പി.എമ്മിന്‍റെ തീരുമാനം. മറ്റെന്തെങ്കിലും പുതിയ വിവാദമോ കോറോണയുടെ തീവ്രതയോ ഈ ആക്ഷേപങ്ങളെ മുക്കും അല്ലെങ്കിൽ മുക്കിപ്പിക്കും. അതുവരെ മാത്രമേ സ്വർണ്ണകടത്തിനും ആയുസുള്ളൂ എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ രഹസ്യമായി പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K