04 July, 2020 07:29:55 PM


കടല്‍ കൊലക്കേസ്: ഗൗരവമായ ഇടപെടല്‍ ഉണ്ടായില്ല - പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്



തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ നിരപരാധികളായ രണ്ടു മത്സ്യത്തൊഴിലാളികളെ നിഷ്ഠൂരമായി വെടിവച്ചുകൊന്ന കേസില്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെയുള്ള ഇടപെടല്‍ തുടക്കത്തിലും അന്താരാഷ്ട്ര ട്രിബ്യൂണലിലെ (ഇന്റര്‍നാഷണല്‍ ട്രിബ്യൂണല്‍ ഓണ്‍ ലോ ഓഫ് ദ സീ) നടപടികളിലും ഉണ്ടായില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ കേസിലെ പ്രതികളെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ പറ്റില്ലെന്ന വിധി അന്താരാഷ്ട്ര ട്രിബ്യൂണലില്‍ നിന്ന് ഉണ്ടായത് ഞെട്ടിക്കുന്നതാണ്. ഈ കേസില്‍ നമ്മുടെ പൗരന്മാര്‍ക്ക് സാധ്യമായ നീതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


അന്താരാഷ്ട്ര നിയമങ്ങളിലെ സാങ്കേതികത്വം എന്തുതന്നെയായാലും ട്രിബ്യൂണല്‍ വിധി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലമനുസരിച്ച് ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ കഴിയില്ല. ഇതാണ് സ്ഥിതിയെങ്കില്‍, കുറ്റവാളികള്‍ ഇറ്റലിയിലെ കോടതിയില്‍ നീതിപൂര്‍വ്വകമായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യാഗവണ്‍മെന്റ് സമ്മര്‍ദ്ദമുയര്‍ത്തണം.


പൗരന്മാരുടെ ജീവന്‍ നഷ്ടപ്പെട്ടതിനും അതുമായി ബന്ധപ്പെട്ട മറ്റു നഷ്ടങ്ങള്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ട്രിബ്യൂണല്‍ വിധിച്ചിട്ടുണ്ട് അതുകൊണ്ട് വിലപ്പെട്ട രണ്ട് ജീവന്‍ നഷ്ടപ്പെട്ടതിന്, ഉയര്‍ന്ന നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് ഇടപെടണം. കൂടിയാലോചനകളിലൂടെ ഇത് സാധ്യമാകുന്നില്ലെങ്കില്‍ നിശ്ചിത സമയപരിധിക്കകം (ഒരു വര്‍ഷം) ട്രിബ്യൂണലിനെ സമീപിക്കണം. കുറ്റവാളികള്‍ ഇന്ത്യയിലെ വിചാരണയില്‍ നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഈ പ്രശ്നത്തില്‍ മറ്റ് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K