28 June, 2020 09:58:50 AM


അബോധാവസ്ഥയിലായ പ്രമേഹരോഗി കണ്ണ് തുറന്നത് പൊലീസിന്‍റെ ക്രൂരമർദ്ദനമേറ്റ്



കൊല്ലം: അബോധാവസ്ഥയിലായ പ്രമേഹരോഗിക്ക് പൊലീസിന്‍റെ ക്രൂരമർദ്ദനം. കൊല്ലം കല്ലട സ്വദേശി അഷ്ടമനാണ് പൊലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്. കൊല്ലത്തു നിന്ന് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത അഷ്ടമന് തമ്പാനൂരില്‍ വെച്ചാണ് പൊലീസിന്റെ മർദ്ദനമേറ്റത്. ലോക്ക്ഡൗൺ ലംഘിച്ച് യാത്രചെയ്തെന്ന് പറഞ്ഞാണ് മർദ്ദിച്ചത്.


കഴിഞ്ഞ 17 ന് കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് സംഭവം. കടുത്ത പ്രമേഹ രോഗിയായ അഷ്ടമന്‍ യാത്രയ്ക്ക് മുൻപ് രാവിലെ 6 മണിക്ക് വീട്ടിൽ വച്ച് ഇൻസുലിൻ കുത്തിവയ്പ്പെടുത്തു. യാത്ര പോകേണ്ടതിനാൽ ഭക്ഷണം കഴിക്കാൻ സാധിച്ചില്ല. ആദ്യം ശാസ്താംകോട്ട എത്തുകയും അവിടെ നിന്ന് കൊല്ലം സ്റ്റാൻഡിൽ എത്തി തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറുകയും ചെയ്തു.
ബ്ലഡ് ഷുഗറിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്ന് ആറ്റിങ്ങൽ പിന്നിടുമ്പോൾ ബോധം നഷ്ടമായതായാണ് ഓർമ. പോലീസിൻറെ മർദ്ദനമേൽക്കുമ്പോഴാണ് പിന്നെ കണ്ണു തുറക്കുന്നത്. അപ്പോഴേക്കും വൈകുന്നേരമായിരുന്നു. ട്രിബ്യൂണൽ കേസ് സംബന്ധിച്ചായിരുന്നു യാത്ര. ചികിത്സാ രേഖകൾ ഉൾപ്പെടെ കൈവശം ഉണ്ടായിരുന്നിട്ടും പോലീസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് അഷ്ടമൻ പറയുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K