27 June, 2020 03:25:04 PM


ബെവ്‌കൊ ആപ്പ്: ക്രമക്കേട് കണ്ടെത്താന്‍ ബാറുകളില്‍ എക്സൈസിന്‍റെ മിന്നല്‍ പരിശോധന



തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളില്‍ എക്സൈസിന്റെ മിന്നല്‍ പരിശോധന. ബെവ്കോ ആപ്പ് പ്രകാരമുള്ള മദ്യവിതരണത്തില്‍ ക്രമക്കേടുകളുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. എക്സൈസ് കമ്മിഷണറുടെ നി‌ര്‍ദേശാനുസരണം ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന. ബെവ്കോ ആപ്പിലൂടെയുള‌ള മദ്യവിതരണം തുടക്കം മുതല്‍ നിരവധി ആക്ഷേപങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആപ്പ് മുഖാന്തിരമുള്ള ബുക്കിംഗുകളില്‍ ഏറിയ പങ്കും ബാറുകള്‍ക്ക് മാത്രമായി ലഭിക്കുന്നുവെന്നതായിരുന്നു അതില്‍ പ്രധാനം.


ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലറ്റുകളില്‍ ആപ്പ് മുഖാന്തിരം ബുക്ക് ചെയ്ത് മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണം നന്നേ കുറവായിരുന്നു.ഇത് ബിവറേജസ് വില്‍പ്പനശാലകളുടെ വരുമാനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബാറുകള്‍ വഴിയുള്ള മദ്യവിതരണം പരിശോധിക്കാന്‍ എക്സൈസ് എത്തിയത്. ബെവ്കോ വെര്‍ച്വല്‍ ക്യൂ ആപ്പ് മുഖാന്തിരം മദ്യം വാങ്ങാനെത്തുന്നവര്‍ അനുവദിച്ച ബാറില്‍ നിന്ന് തന്നെയാണോ മദ്യംവാങ്ങുന്നത്,​ അനുവദനീയമായ അളവില്‍ കൂടുതല്‍ മദ്യം വിതരണം ചെയ്യുന്നുണ്ടോ,​ ബാറുകള്‍ മുഖാന്തിരമുള്ള വിതരണത്തില്‍ സെക്കന്റ്സോ വിലകുറഞ്ഞ മദ്യമോ ഉള്‍പ്പെടുന്നുണ്ടോ,​ പിന്‍വാതില്‍ വിതരണം പോലുള്ള നിയമവിരുദ്ധ നടപടികളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കപ്പെടുന്നത്.


മദ്യം വാങ്ങാനെത്തിയവരില്‍ നിന്നും വെര്‍ച്വല്‍ ആപ്പിന്റെ ബുക്കിംഗ് രേഖകള്‍ എക്സൈസ് പരിശോധിച്ചു. മാസ്ക് ധരിക്കാതെ മദ്യം വാങ്ങാനെത്തിയ ചിലര്‍ക്കെതിരെ പൊലീസ് സഹായത്തോടെ നടപടിയെടുത്തിട്ടുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍,​ അബ്കാരി ചട്ടപ്രകാരമുള്ള മറ്റ് നിബന്ധനകള്‍ എന്നിവയുടെ ലംഘനവും പരിശോധിച്ചുവരികയാണ്. പരിശോധനയില്‍ സംസ്ഥാനത്തെങ്ങുനിന്നും കാര്യമായ അബ്കാരി കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K