23 June, 2020 08:00:18 PM


പുതുവേലി റോഡിലെ ഡിവൈഡർ: അപകട സ്ഥിതി നാളെ പരിശോധിക്കും - മോൻസ് ജോസഫ്




കുറുവിലങ്ങാട്: കോട്ടയം - എറണാകുളം ജില്ലകളുടെ അതിർത്തി പ്രദേശമായ പുതുവേലി വൈക്കം കവലയിൽ എം.സി റോഡും, ടി.കെ റോഡും സംഗമിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഡിവൈഡറിൽ തട്ടി അപകടങ്ങൾ  തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ ഇക്കാര്യം  പരിശോധിക്കുന്നതിനും സ്വീകരിക്കേണ്ട പരിഹാര നടപടികൾ നിർദ്ദേശിക്കുന്നതിനും   പൊതുമരാമത്ത് വകുപ്പ് കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയതായി അഡ്വ മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.


കെ.എസ്.ടി.പി റോഡ് നിർമ്മാണം നടപ്പാക്കിയപ്പോൾ ഉണ്ടാക്കിയ ഡിവൈഡറുകൾ അപകടം ക്ഷണിച്ചു വരുത്തുന്ന സ്ഥിതിയുണ്ടാക്കുന്നു എന്നുള്ള പരാതി പ്രത്യേകം വിലയിരുത്തുന്നതാണ്. വൈക്കം കവലയുമായി ബന്ധപ്പെട്ട് നാട്ടുകാരും, ജനപ്രതിനിധികളും, വിവിധ മാധ്യമങ്ങളും  നിർദ്ദേശിച്ചിട്ടുള്ള വിവിധ പരിഹാര ആവശ്യങ്ങൾ പരിശോധിക്കുന്നതാണ്. എം.സി റോഡ് നിർമ്മാണം നടപ്പാക്കിയ ശേഷം അറ്റകുറ്റപ്പണികളും അനുബന്ധ ജോലികളും കെ.എസ്.ടി.പി ഏറ്റെടുക്കാത്ത  സാഹചര്യത്തിൽ എം.സി റോഡിന്റെ ഭാവി പ്രവർത്തനങ്ങൾ റോഡ്സ് വിഭാഗത്തിന്റെ മേൽ നോട്ടത്തിൽ നടപ്പാക്കാൻ നടപടി സ്വീകരിച്ചതായി  മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.  


അപകട സ്ഥിതി പരിഹരിക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് വിലയിരുത്തുന്നതിനും, നടപ്പാക്കേണ്ട നടപടികൾ തീരുമാനിക്കുന്നതിനുമായി പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലുള്ള  ഉദ്യോഗസ്ഥ സംഘം ബുധനാഴ്ച രാവിലെ 10 മണിക്ക് പുതുവേലി വൈക്കം കവലയിൽ പരിശോധന നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ ഭാവി നടപടികൾ സംബന്ധിച്ച് രൂപരേഖ ഉണ്ടാക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K