20 June, 2020 10:13:42 PM


കോന്നി കല്ലേലി നടുവത്ത് മൂഴിയില്‍ വനം കൊള്ള: മൂന്ന് പേര്‍ അറസ്റ്റില്‍



കോന്നി: കല്ലേലി നടുവത്ത് മൂഴിയിലെ വനം കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് താന്നിമൂട്ടില്‍ എച്ച് ഷമീര്‍, പുത്തന്‍വീട്ടില്‍ അന്‍വര്‍ ഷാ, തൊണ്ടന്‍ വേലില്‍ എ ജ്യോതിഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. കല്ലേലി കരിപ്പാന്‍ തോട്,പാടം തേക്കുതോട്ടങ്ങളില്‍ നിന്നും 20 ലക്ഷം രൂപ വരുന്ന തേക്ക് തടികള്‍ വനപാലകരുടെ ഒത്താശയോടെ പ്രതികള്‍ കല്ലേലി ചെക്ക് പോസ്റ്റ് വഴി കടത്തിയ കേസിലാണ് അറസ്റ്റ്. 

തേക്ക് തടികളുടെ കുറ്റികള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ച് തെളിവ് നശിപ്പിക്കാനും ശ്രമം നടന്നിരുന്നു. വനം കൊള്ളയുടെ വിവരം വന പാലകര്‍ രഹസ്യമാക്കി വെച്ചു. സംഭവവുമായി ബന്ധപ്പെട്ട് 13 വനം വകുപ്പ് ജീവനക്കാരെ സസ്പെന്‍റ് ചെയ്തിരുന്നു. കൊല്ലം കേരളപുരം തടി മില്ലിന് സമീപത്ത് പണി പൂര്‍ത്തിയായ ആള്‍താമസം ഇല്ലാത്ത വീടിന്‍റെ കാര്‍ പോര്‍ച്ചില്‍ നിന്നും അറുത്ത ഏഴു  വലിയ ഉരുപ്പടികള്‍ കണ്ടെത്തിയിരുന്നു . ഇനിയും കൂടുതല്‍ തടികള്‍ കണ്ടെത്താന്‍ ഉണ്ട് . കല്ലേലി വനം ചെക്ക് പോസ്റ്റ് വഴി വനം ജീവനക്കാരുടെ ഒത്താശയോടെയാണ് തടികള്‍ കടത്തിയതെന്ന്  കണ്ടെത്തിയിരുന്നു.

കോന്നി നടുവത്ത് മൂഴി വനത്തിലെ വനം കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സഹായം ചെയ്ത മുഴുവന്‍ വന പാലകരെയും സസ്പെന്‍റ് ചെയ്യണം എന്നും വനം ജീവനക്കാരുടെ സ്വത്ത് സംബന്ധിച്ച് അടിയന്തിര അന്വേഷണം ഉണ്ടാകണം എന്നും ആവശ്യം ഉയര്‍ന്നു. തേക്ക് തടികള്‍ ഇനിയും മോഷണം പോയിട്ടുണ്ടോ എന്നറിയുവാന്‍  തേക്ക് തോട്ടങ്ങളില്‍ വനം ഫ്ലയിം സ്കാഡ് പരിശോധന നടത്തണം എന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. റയിഞ്ച് ഓഫീസര്‍ അജീഷ് മന്മഥന്‍ നായര്‍, പാടം ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍ ബേബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K