17 June, 2020 08:38:07 PM


പ്രതിസന്ധി: എഞ്ചിനിയർമാരും ബിരുദധാരികളും തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങി



ബംഗളൂരു; ആഗോളതലത്തിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മൂലം തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ എഞ്ചിനിയർമാരും ബിരുദധാരികളും വരെ തൊഴിലുറപ്പ് പദ്ധതിയിൽ ജോലിക്കിറങ്ങി. ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ കിട്ടുന്ന ജോലി ചെയ്യുന്ന അവസ്ഥയില്‍ പ്രതിസന്ധി രൂക്ഷമായ കർണാടകയിലാണ് സംഭവം. ബംഗളൂരു നഗരത്തിൽ ചില പ്രൊഫഷണൽ നാടക കലാകാരന്മാർ ഇപ്പോൾ തെരുവോരങ്ങളിൽ പച്ചക്കറി വിറ്റാണ് ഉപജീവനം നടത്തുന്നത്. ഇതും ഒരു ആർട്ട് ഫോം തന്നെയാണെന്നാണ് ഇവരുടെ വാദം.


ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ഡിപ്ലോമ ഹോൾഡേസ് തുടങ്ങി കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിൽ നഷ്ടമായ ചില ടെക്കികൾ വരെ വിവിധ സ്ഥലങ്ങളിൽ ഇപ്പോൾ തൊഴിലുറപ്പ് പദ്ധതി വഴി ദിവസക്കൂലിക്ക് ജോലിക്കിറങ്ങിയിരിക്കുകയാണ്. ബിദാർ ജില്ലയിൽ മാത്രം ഇത്തരത്തിൽ തൊഴിൽ ചെയ്യുന്ന അൻപതോളം യുവാക്കളുണ്ടെന്നാണ് കണക്ക്. 275രൂപ ദിവസക്കൂലിക്കാണ് ഇവർ തൊഴിൽ‌ ചെയ്യുന്നത്. കനാൽ നിർമ്മാണം, ചെക്ക് ഡാം നിർമ്മാണം, ടാങ്കുകളുടെയും കിണറുകളുടെയും നിർമ്മാണം, റോഡ് പണി എന്നീ ജോലികളാണ് ഉന്നതവിദ്യാഭ്യാസമുള്ളവർ പോലും നിലവിലെ സാഹചര്യത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്.


ലോക്ക് ഡൗണിന് മുമ്പ് ബംഗളൂരുവിലെ നഗരങ്ങളിൽ നല്ല രീതിയിൽ ജോലി ചെയ്തിരുന്ന ദരിദ്ര കുടുംബത്തിലെ യുവാക്കളാണ് ഇപ്പോൾ ഈ തൊഴിലുറപ്പ് പദ്ധതിയിലൂടെ ജോലി ചെയ്യുന്നതെന്നാണ് എംജിഎന്‍ആര്‍ഇജിഎ അസിസ്റ്റന്‍റ് ഡയറക്ടർ ശരത് കുമാർ അഭിമാൻ പറയുന്നത്. 'MGNREGAയെക്കുറിച്ച് ഞാൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. അടുത്തിടെ ജോലി നഷ്ടമായ വിദ്യാസമ്പന്നരായ നിരവധി യുവാക്കളാണ് പരസ്യം കണ്ട് ബന്ധപ്പെട്ടത്. ഇത് ബിദാർ ജില്ലാ പഞ്ചായത്ത് സിഇഒയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.. അദ്ദേഹമാണ് അടിയന്തിരമായി തന്നെ ഈ യുവാക്കൾക്ക് തൊഴിലുറപ്പ് കാർഡുകൾ നൽകി MNREGAയ്ക്ക് കീഴിൽ ജോലി നൽകാൻ പറഞ്ഞത്' എന്നായിരുന്നു ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശരത് കുമാർ പറഞ്ഞത്.

ബിരുദധാരികളായ ഏതാണ്ട് 25 യുവാക്കളാണ് കമഥന ഗ്രാമപഞ്ചായത്തിലെ ഒരു കനാൽ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ചില എഞ്ചിനിയർമാരും ഇത്തരത്തിൽ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലി ചെയ്യുന്നുണ്ട്. 'ലോക്ക് ഡൗണിനെ തുടർന്ന് ജോലി നഷ്ടമായാണ് വീട്ടിലെത്തിയത്. അപ്പോഴാണ് MGNREGAനെക്കുറിച്ച് അറിഞ്ഞത്. പേര് രജിസ്റ്റർ ചെയ്ത് ഇപ്പോൾ ദിവസക്കൂലിക്കാരനായി ജോലി ചെയ്യുകയാണ്. ഈ പ്രതിസന്ധിഘട്ടത്തിൽ ഇപ്പോൾ കുറച്ച് പണം സമ്പാദിക്കുന്നുണ്ട്' എന്നാണ് എഞ്ചിനിയറിംഗ് ബിരുദധാരിയായ രാമചന്ദ്ര പറയുന്നത്.

തൊഴിലുറപ്പ് പദ്ധതി വഴി ജോലിക്കിറങ്ങിയ ബിരുദധാരികളെക്കുറിച്ച് ഒരു ഹ്രസ്വ ചിത്രവും ഒരുക്കിയിട്ടുണ്ടെന്നാണ് ബിദാർ ജില്ലാ പഞ്ചായത്ത് സിഇഒ പറയുന്നത്. ഇതൊരു നല്ല പുരോഗതിയാണ്. അവർ സമയം പാഴാക്കാതെ കുറച്ച് പണം സമ്പാദിക്കുകയാണ്. എന്നായിരുന്നു വാക്കുകൾ. ബിരുദധാരികളുടെ തൊഴിലുറപ്പ് ജോലി വിവരം കർണാടക സർക്കാരിനെ കീഴിലെ റൂറൽ ഡെവലപ്മെന്‍റ് ആൻഡ് പഞ്ചായത്ത് രാജ് (RDPR) പ്രിൻസിപ്പൾ സെക്രട്ടറി എൽ.കെ.അതീഖും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു പല ഗ്രാമങ്ങളിൽ നിന്നും സമാന റിപ്പോർട്ടുകളെത്തുന്നുണ്ട് എന്നായിരുന്നു പ്രതികരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K