17 June, 2020 08:22:24 PM


വോട്ടര്‍പട്ടികയായി: അങ്കത്തട്ട് ഒരുങ്ങുന്നു; തദ്ദേശസ്ഥാപന ഭരണസമിതികള്‍ നവംബര്‍ 12ന്



തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വർഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഒക്ടോബർ അവസാന വാരമാകും തെരഞ്ഞെടുപ്പ്. നവംബർ 12നു തന്നെ പുതിയ ഭരണസമിതികൾ അധികാരമേൽക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു.


സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലേയും 86 മുൻസിപ്പാലിറ്റികളിലേയും ആറു മുൻസിപ്പൽ കോർപ്പറേഷനുകളിലേയും വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആകെ വോട്ടർമാരിൽ 1,25,40,302 പുരുഷന്മാരും 1,36,84,019 സ്ത്രീകളുമുണ്ട്. 180 ട്രാൻസ്ജെൻഡറുകൾക്കും ഇത്തവണ വോട്ടവകാശമുണ്ട്. 14,79,541 പുതിയ വോട്ടർമാരാണ് പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 6,78,147 പുരുഷന്മാരും 8,01,328 സ്ത്രീകളും 66 ട്രാൻസ് ജെൻഡറുകളുമുണ്ട്.
മരിച്ചവർ, സ്ഥിരതാമസമില്ലാത്തവർ തുടങ്ങിയ 4,34,317 വോട്ടർമാരെ കരട് പട്ടികയിൽ നിന്ന് ഒഴിവാക്കി. ഈ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേരു ചേർക്കാൻ രണ്ടവസരം കൂടി നൽകും. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ആകും ആദ്യ അവസരം. തെരഞ്ഞെടുപ്പിനു തൊട്ടു മുന്നേ ഒരിക്കൽക്കൂടി അവസരം നൽകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. അതിനു ശേഷം വോട്ടർ പട്ടിക പുതുക്കും.


വോട്ടർ പട്ടിക പുതുക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളിലെ നിലവിലുണ്ടായിരുന്ന പട്ടിക കരടായി ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയിൽ 2,51,58,230 വോട്ടർമാരാണ് ഉണ്ടായിരുന്നത്. മാർച്ച് 16 വരെ ലഭിച്ച അപേക്ഷകളും പരാതികളും പരിഹരിച്ചാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്. മലപ്പുറം ജില്ലയിലെ എടയൂർ,എടപ്പാൾ ഗ്രാമപഞ്ചായത്തുകളിലെ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. കോവിഡ് പ്രോട്ടോക്കോൾ കാരണം അടച്ചിട്ടിരിക്കുന്ന ഈ പഞ്ചായത്തുകൾ തുറക്കുന്ന മുറയ്ക്ക് വോട്ടർ പട്ടിക പരിശോധിക്കാനാകും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K