17 June, 2020 07:39:30 PM


ഗ്രാമീണ വീടുകളില്‍ കുടിവെള്ളം: ജലജീവന്‍ പദ്ധതിയ്ക്ക് നാളെ തുടക്കം കുറിക്കും



തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഗ്രാമീണവീടുകളിലും അഞ്ചുവര്‍ഷംകൊണ്ട് പൈപ്പ് വഴി കുടിവെള്ളം എത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാനം നടപ്പാക്കുന്ന ജല ജീവന്‍ പദ്ധതിക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമാരംഭം കുറിക്കും. സെക്രട്ടേറിയറ്റില്‍ നടക്കുന്ന ചടങ്ങില്‍ ജല ജീവന്‍ പദ്ധതി നിര്‍വഹണം സംബന്ധിച്ച മാര്‍ഗരേഖയുടെ മലയാളം പതിപ്പ് മുഖ്യമന്ത്രി, ജലവിഭവ വകുപ്പുമന്ത്രി കെ.കൃഷ്ണന്‍ കുട്ടിയുടെ സാന്നിധ്യത്തില്‍, തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എ.സി.മൊയ്തീനു നല്‍കി പ്രകാശനം ചെയ്യും. 


ഗ്രാമീണ മേഖലയിലുള്ള എല്ലാ വീടുകള്‍ക്കും സുസ്ഥിരമായ ജലലഭ്യതയുള്ള ദീര്‍ഘകാല കുടിവെള്ള പദ്ധതികള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കുകയാണ് ജലജീവന്‍ പദ്ധതിയുടെ ലക്ഷ്യം. ഇതനുസരിച്ച് 2024 ആകുമ്പോഴേക്കും ജലജീവന്‍ പദ്ധതി വഴി 50 ലക്ഷം ഗ്രാമീണ വീടുകളില്‍ കുടിവെള്ളമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം 10 ലക്ഷം ഗ്രാമീണ വീടുകളില്‍ പൈപ്പ് വഴി കുടിവെള്ളമെത്തിക്കും. ഇതിനായി 1525 കോടി രൂപ കണക്കാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ മാര്‍ഗരേഖയനുസരിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ 50:50 എന്ന അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം.


കേരളത്തില്‍ 67 ലക്ഷം ഗ്രാമീണ വീടുകളാണുള്ളത്. ഇതില്‍ നിലവില്‍ ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ മുഖേന ജലവിതരണം നടത്തുന്നത്  17.50ലക്ഷം വീടുകളിലാണ്. കൂടാതെ ഗ്രാമീണ മേഖലയില്‍ 1.56ലക്ഷം പൊതുടാപ്പുകള്‍ വഴിയും കുടിവെള്ളവിതരണം നടക്കുന്നു. ഗ്രാമപഞ്ചായത്ത്, ഗ്രാമീണ-സാമൂഹിക കൂട്ടായ്മകള്‍ എന്നിവ മുഖാന്തിരം ഗ്രാമീണ കുടിവെള്ള പദ്ധതികള്‍ പരിപാലിച്ച് നടപ്പിലാക്കുന്ന സംവിധാനമാണ് ജലജീവന്‍ പദ്ധതിയില്‍ ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തുകള്‍ക്ക് പദ്ധതി സ്വന്തമായി നടത്താന്‍ ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കുകയും തദ്ദേശ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പദ്ധതിക്ക് സുസ്ഥിരത നേടുകയുമാണ് ഉദ്ദേശ്യം.


ഗ്രാമപഞ്ചായത്തുകള്‍ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2020-21ല്‍ 1525 കോടി രൂപ പദ്ധതി അടങ്കലില്‍ ജലജീവന്‍ പദ്ധതി നടപ്പിലാക്കുമ്പോള്‍ 15 ശതമാനം ഗ്രാമപഞ്ചായത്ത് വിഹിതവും 10 ശതമാനം ഗുണഭോക്തൃ വിഹിതവും നല്‍കാന്‍ സന്നദ്ധത അറിയിക്കുന്ന പഞ്ചായത്തുകളെ മുന്‍ഗണനാക്രമം അനുസരിച്ച് ഉള്‍പ്പെടുത്തും. പഞ്ചായത്ത് വിഹിതം, ഗുണഭോക്തൃ വിഹിതം എന്നിവ അടയ്ക്കുന്ന മുറയ്ക്ക് പദ്ധതിനിര്‍വഹണം ആരംഭിക്കും. പദ്ധതിനടത്തിപ്പിനായി വിവിധ തലങ്ങളില്‍ കമ്മറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് സംസ്ഥാന തലത്തില്‍ സ്റ്റേറ്റ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന് രൂപം നല്‍കിയിട്ടുണ്ട്. ജില്ലാതലത്തില്‍ ഡിസ്ട്രിക് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷനും പഞ്ചായത്ത് തലത്തില്‍ വില്ലേജ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കും.


കുടിവെള്ള കണക്ഷനുകള്‍ ഉറപ്പാക്കാന്‍ വില്ലേജ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി, വില്ലേജ് ആക്ഷന്‍ പ്ലാന്‍ തയാറാക്കി, ജില്ലാതല സമിതിയില്‍ അംഗീകരിച്ച ശേഷം ക്രോഡീകരിച്ച, ഡിസ്ട്രിക്ട് ആക്ഷന്‍ പ്ലാന്‍ സ്റ്റേറ്റ് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷനു നല്‍കണം. ഇങ്ങനെ സമാഹരിക്കുന്ന പ്രവര്‍ത്തനപദ്ധതികളില്‍നിന്ന് ഓരോ വര്‍ഷത്തെയും ആക്ഷന്‍ പ്ലാന്‍ തയാറാക്കണം.  കേന്ദ്രമാര്‍ഗനിര്‍ദേശങ്ങളുടെ വെളിച്ചത്തില്‍, സ്റ്റേറ്റ് സാനിറ്റേഷന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ തുടര്‍നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതും പദ്ധതിനിര്‍വഹണത്തിനാവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K