15 June, 2020 09:20:14 PM
ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്നു ദേഹത്തു തുളച്ചുകയറി വീട്ടമ്മയ്ക്കു ദാരുണാന്ത്യം.

പെരുമ്പാവൂര്‍: ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്നു ദേഹത്തു തുളച്ചുകയറി വീട്ടമ്മയ്ക്കു ദാരുണാന്ത്യം. ബാങ്കില്‍നിന്നു തിടുക്കത്തില്‍ പുറത്തേക്കിറങ്ങുന്നതിനിടെ വാതിലില്‍ ഇടിക്കുകയും ചില്ല് തകര്‍ന്നു വയറ്റില്‍ തുളച്ചുകയറുകയായിരുന്നു. പെരുമ്പാവൂര്‍ മങ്കുഴി തേലക്കാട്ട് വടക്കേവീട്ടില്‍ ജിജുവിന്റെ (നോബി) ഭാര്യ ബീന (46) യാണു മരിച്ചത്.
ബാങ്ക് ഓഫ് ബറോഡയുടെ പെരുമ്പാവൂര്‍ എഎം റോഡിലുള്ള ബ്രാഞ്ചില്‍ തിങ്കളാഴ്ച ഉച്ചയ്ക്കു 12.30നായിരുന്നു സംഭവം. ഇരുചക്രവാഹനത്തില്‍ ബാങ്കിലെത്തിയ ബീന, അകത്തുകയറി ബാങ്കിടപാടിനുള്ള ചെലാന്‍ ഫോം പൂരിപ്പിക്കുന്നതിനിടെ വണ്ടിയുടെ താക്കോല്‍ എടുത്തില്ലെന്നു പറഞ്ഞു തിടുക്കത്തില്‍ പുറത്തേക്കിറങ്ങുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. വാതിലില്‍ ഇടിച്ചതിന്റെ ആഘാതത്തില്‍ ചില്ല് തകര്‍ന്നു വയറ്റിലേക്കു തുളച്ചുകയറി.
തറയില്‍ രക്തം ചീറിത്തെറിച്ചതോടെയാണു ബീനയ്ക്കു മുറിവേറ്റെന്നു ബാങ്കിലുണ്ടായിരുന്നവര്‍ മനസിലാക്കിയത്. ഉടന്‍തന്നെ ജീവനക്കാര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആഴത്തിലേറ്റ മുറിവ് ആന്തരികാവയവങ്ങളെയും ബാധിച്ചതാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ഭര്‍ത്താവ് ജിജുവിനൊപ്പം കൂവപ്പടിയില്‍ ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തിവരികയായിരുന്നു ബീന. മക്കള്‍: അഖില, ജിസ്മോന്, ജെയ്മോന് (മൂവരും വിദ്യാര്‍ഥികള്‍)




