15 June, 2020 01:42:12 PM


പ്രാര്‍ത്ഥനാ ഹാളിന് വാടക നല്‍കാന്‍ ബൈക്കുകൾ മോഷ്ടിച്ച പാസ്റ്റര്‍ അറസ്റ്റില്‍



മധുര: പ്രാര്‍ത്ഥനാ ഹാളിന് വാടക നല്‍കാന്‍ പണം കണ്ടെത്താന്‍ ബൈക്ക് മോഷ്ടിച്ച പാസ്റ്റര്‍ അറസ്റ്റില്‍. തമിഴ്‌നാട് മധുരയ്ക്ക് സമീപം തനക്കങ്കുളത്ത് പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനാ ഹാളിന്റെ പാസ്റ്റര്‍ വിജയന്‍ സാമുവല്‍ (36) ആണ് അറസ്റ്റിലായത്. തേനി സ്വദേശിയായ ഇയാള്‍ രണ്ടു വര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയാണ്. ഇയാളുടെ പക്കല്‍നിന്നും ഒരു ഡസനിലേറെ ബൈക്കുകള്‍ പിടിച്ചെടുത്തു.


കൊവിഡിനെ തുടര്‍ന്ന് പ്രാര്‍ത്ഥാലയത്തിലേക്കുള്ള വരുമാനം നിലച്ചതോടെയാണ് പാസ്റ്റര്‍ മോഷണത്തിന് ഇറങ്ങിയതെന്ന് പോലീസ് പറഞ്ഞൂ. മാസം 10,000 രൂപ വാടക നല്‍കേണ്ട കെട്ടിടത്തിലായിരുന്നു ഇയാളുടെ പ്രാര്‍ത്ഥനാ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. എസ്.എസ്. കോളനിയിലെ റോഡരുകില്‍ താക്കോല്‍സഹിതം ഇരുന്ന ബൈക്ക് മോഷ്ടിച്ചുകൊണ്ടാണ് ഇയാള്‍ മോഷണത്തിലേക്ക് ഇറങ്ങിയത്.


പിന്നീട് സുബ്രമണ്യപുരം, തിരുമംഗലം എന്നിവിടങ്ങളില്‍ നിന്നെല്ലാം ബൈക്ക് മോഷ്ടിച്ചു. വാഹനത്തിന്റെ രേഖകളുടെ പകര്‍പ്പ് പണയം വച്ച് ഇയാള്‍ പണം വാങ്ങി. മൂന്നു ബൈക്കുകള്‍ കമ്പത്തുള്ള ബന്ധുക്കള്‍ക്ക് നല്‍കി. രണ്ടു ബൈക്കുകള്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പിനെ രണ്ടു പേര്‍ക്ക് വിറ്റുവെന്നും പോലീസിന്റെ ചോദ്യം ചെയ്യലില്‍ പാസ്റ്റര്‍ സമ്മതിച്ചു. അടുത്തകാലത്ത് ഒരു മെക്കാനിക്കിന്റെ പക്കല്‍ ബൈക്ക് നന്നാക്കാന്‍ എത്തിയതോടെയാണ് പാസ്റ്റര്‍ക്ക് വിലങ്ങ് വീണത്.


അടുത്തകാലത്ത് തന്റെ ഒരു കസ്റ്റമറുടെ പക്കല്‍ നിന്നും മോഷണം പോയതാണ് ആ ബൈക്കെന്ന് മെക്കാനിക്ക് തിരിച്ചറിഞ്ഞു. അയാളെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഉടമ ബൈക്ക് തന്റേതുതന്നെയെന്ന് തിരിച്ചറിഞ്ഞു. ഇരുവരും ചേര്‍ന്ന് സുബ്രഹ്മണ്യപുരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച എല്ലാ ബൈക്കുകളും പാസ്റ്റര്‍ പോലീസിന് കാണിച്ചുകൊടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K