13 June, 2020 01:31:03 PM


'കോവിഡ് ദേവി' യുടെ കോപം ശമിക്കാന്‍ കൊല്ലം കടയ്ക്കലില്‍ വൈറസിനെ പ്രതിഷ്ഠിച്ച് പൂജകൊല്ലം: കോവിഡിന്‍റെ ഭീഷണിയില്‍ നിന്നും രക്ഷ നേടാന്‍ സാമൂഹികഅകലം പാലിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുമ്പോഴും കൊറോണയെ ദൈവമായി കണ്ട് കൊല്ലത്ത് പൂജയും ആരാധനയും. ഉത്തര്‍പ്രദേശും ബീഹാറും പോലെയുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് കേരളത്തിലും ഇത്തരമൊരു പ്രവണത. സ്വന്തം വസതിയോടു ചേർന്നുള്ള വിശാലമായ പൂജാമുറിയില്‍ 'കൊറോണാ ദേവി'യെ വൈറസിൻ്റെ ആകൃതിയിൽ പ്രതിഷ്ഠിച്ച് പ്രസാദിപ്പിക്കാന്‍ ശ്രമിക്കുകയാണ് കൊല്ലം കടയ്ക്കല്‍ ചിതറ സ്വദേശി അനിലന്‍ നമ്പൂതിരി.


നവഗ്രഹങ്ങളിലൊന്നായ  ശനിയെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസ നിർമ്മാർജ്ജനത്തിനായി തൻ്റെ ഒമ്പതു വയസ്സുള്ള മകൾ നിരഞ്ജനയെ കൊണ്ട് ശനീശ്വരൻ്റെ അഞ്ജനശിലാവിഗ്രഹം പ്രതിഷ്ഠിച്ച അനിലൻ കൊറോണാദേവിയെ ആരാധിക്കാനുള്ള തീരുമാനത്തെ കുറിച്ചു പറയുന്നതിങ്ങനെ.


''ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുൻനിർത്തിയാണ്. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പപ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും  ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണ്.


മഹാവ്യാധിയുടെ കാലത്ത് ആരോഗ്യ പ്രവർത്തകർ, പ്രതിരോധ വാക്സിൻ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാർ, പോലീസ് -ഫയർ & റെസ്ക്യൂ ഓഫീസേഴ്സ് അടക്കമുള്ള ഇതരസേനാ വിഭാഗങ്ങൾ, വിവരങ്ങൾ യഥാസമയം റിപ്പോർട്ടു ചെയ്ത്  അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്ന മാധ്യമ പ്രവർത്തകർ, പ്രവാസികൾ... എന്നിങ്ങനെ സമസ്ത മേഖലയിലും പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹികളുടെ നന്മക്കു വേണ്ടിയാണ് കൊറോണാദേവിയെ പൂജിക്കുന്നതും ആരാധിക്കുന്നതും.


അതിലുപരി - ലോകജനതയെ വിഴുങ്ങാൻ മുമ്പിലെത്തി നിൽക്കുന്ന ഈ അദൃശ്യ വൈറസിനെ ചെറുത്തു തോൽപ്പിക്കുന്നതു വരെ  ലോകത്തിലെ ഭരണ - പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പു മുമ്പിൽ കണ്ടു കൊണ്ടുള്ള 'മുതലെടുപ്പു രാഷ്ട്രീയം' അവസാനിപ്പിക്കാൻ വേണ്ടിയുള്ള പ്രാർത്ഥനയാണ് കൊറോണ ദേവിക്കു വേണ്ടി ഭക്തജനങ്ങൾക്കു സ്വഭവനത്തിലിരുന്ന ചെയ്യാവുന്ന ഏറ്റവും വലിയ ആത്മപൂജ...''


യുദ്ധസമാനമായ അന്തരീക്ഷത്തിൽ പുറത്തിറങ്ങുന്നതു തന്നെ രോഗവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊറോണദേവിയെ സങ്കൽപ്പിച്ചു സ്വന്തം വീട്ടിലിരുന്നു പ്രാർത്ഥിക്കുന്നതിനോടൊപ്പം തങ്ങൾക്കു ചുറ്റുമുള്ള നിർദ്ധനരെയും നിരാലംബരെയും സഹായിക്കാനും അവരുടെ ക്ഷേമമന്വേഷിക്കാനും സമയം കണ്ടെത്തുക. കഴിയുംവിധം സഹായിക്കുക. വറുതിയിൽ കഴിയുന്ന ക്ഷേത്ര പൂജാരിമാർ, കഴകം തുടങ്ങിയ ക്ഷേത്ര ജീവനക്കാർക്ക് ദാനധർമ്മാദികൾ നടത്തുക... തുടങ്ങിയ പുണ്യ പ്രവർത്തികൾ ഇരുചെവിയറിയാതെ  ചെയ്ത് ആ വിവരം രഹസ്യമായി അറിയിക്കുന്നവർക്കു വേണ്ടി തൻ്റെയും കുടുംബത്തിൻ്റെയും പ്രാർത്ഥന ഉണ്ടാകുമെന്നും അനിലൻ കൂട്ടി ചേർത്തു.


അവധൂതനായ ശ്രീമദ് ശിവപ്രഭാകരസിദ്ധയോഗികളുടെ അനുഗ്രഹപുണ്യമാണു തൻ്റെ ജീവിതമെന്നു വിശ്വസിക്കുന്ന അനിലൻ, ആചാര്യൻ നിശ്ചയിച്ചു കൽപ്പിച്ചതു പ്രകാരമാണു 'കൊറോണദേവി'യെ പൂജിക്കാൻ തീരുമാനിച്ചതെന്നും പറയുന്നു. കൊറോണദേവിയുടെ അനുഗ്രഹത്തിനായി ഒരു രൂപാ പോലും ഈ സന്നിധിയിൽ വാങ്ങില്ല. അവശതയനുഭവിക്കുന്ന  സഹജീവികളെ സഹായിച്ചതിനു ശേഷം ആ വിവരം രഹസ്യമായി അറിയിച്ചാൽ ദേവീപൂജ നടത്തിയ പ്രസാദം തപാലിൽ അയച്ചു തരുന്ന വഴിപാടു രീതിയാണ് ഇവിടെ അവലംബിക്കുന്നതെന്നും അനിലന്‍ പറയുന്നു.


നേരത്തേ ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, ആസ്സാം സംസ്ഥാനങ്ങളില്‍ നടന്ന കോറോണാ പൂജ ജൂണ്‍ ആദ്യവാരം വാര്‍ത്തകളില നിറഞ്ഞിരുന്നു. ഉത്തര്‍പ്രദേശിലെ തുംകുഹിരാജ്, കാസിയ, ഹാടാ, കാപ്താംഗജ്, ഖുഷി നഗര്‍ ജില്ലയിലെ ഖാഡ്ഡാ തഹ്‌സില്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ കോറോണാ ദേവിക്ക് വേണ്ടി പൂജ നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. 'കൊറോണാ മായി' എന്ന പേരില്‍ പൂക്കളും മധുരപലഹാരങ്ങളുമായാണ് ആള്‍ക്കാര്‍ പൂജ നടത്തിയത്. കൊറോണാ ദേവിയുടെ പ്രസാദത്തിനായി ആറ്റുതീരത്ത് കുഴികള്‍ കുത്തി അതില്‍ വെള്ളം നിറച്ച ശേഷം അതിന് മുകളില്‍ ഒമ്പത് ഗ്രാമ്പൂവും ഒമ്പത് ലഡ്ഡുവും വെച്ചായിരുന്നു പൂജ.


റാഞ്ചിയിലെ താതിസില്‍വ്, നാംകോം എന്നിവിടങ്ങളിലും ജംഷഡ്പൂരിലെ ബാഗ്‌ബെറാ മൈതാനത്തും ധന്‍ബാദിലെ രണ്ടിടങ്ങളിലും പൂജ നടത്തി. സിന്ദൂരം, പൂക്കള്‍, ലഡ്ഡു, ഒരു കുടത്തില്‍ വെള്ളം എന്നിവ വെച്ച് ഒരു മരത്തിന് സമീപമായിരുന്നു കൊറോണാ ദേവിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചത്. കൊറോണാ ദേവിയെ പ്രീതിപ്പെടുത്താന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയ ഇവര്‍ പക്ഷേ സാമൂഹികഅകലം പാലിച്ചിരുന്നില്ല. മഹാരാഷ്ട്രയിലും പശ്ചിമബംഗാളിലും കണ്ട പ്രകൃതി ദുരന്തങ്ങള്‍ കൊറോണാ ദേവിയുടെ കോപമായിരുന്നു എന്നും എന്നിട്ടും ആരും ദേവിയെ പ്രീതിപ്പെടുത്താന്‍ ഒന്നും ചെയ്തില്ലെന്നും തങ്ങള്‍ പൂജ നടത്തുന്നത് ദേവിയുടെ കോപം ശമിപ്പിക്കാന്‍ വേണ്ടിയാണെന്നുമായിരുന്നു പൂജയില്‍ പങ്കെടുത്ത ഒരു യുവതി പറഞ്ഞത്.


ആസ്സാമിലെ വിവിധ ജില്ലകളില്‍ അനേകം സ്ത്രീകള്‍ പൂജ നടത്തി. മഹാമാരിയെ തടുക്കാന്‍ ഇനി പൂജയും പ്രാര്‍ത്ഥനയുമേ രക്ഷയുള്ളൂ എന്നായിരുന്നു ഇവരുടെ പ്രതികരണം. ആസ്സാമിലെ ബിശ്വനാഥ് ജില്ലയില്‍ മരത്തിന് കീഴിലും പൂഴയോരത്തും ക്ഷേത്രങ്ങളിലുമെല്ലാമായിട്ടായിരുന്നു 'കോറോണാ അമ്മ' യോട് സ്ത്രീകള്‍ പ്രാര്‍ത്ഥിച്ചത്. ഒരു ദിവസം ഉപവാസം എടുത്തായിരുന്നു പൂജകള്‍. ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരേ ആരോഗ്യ വിഭാഗം ബോധവല്‍ക്കരണ പ്രചരണങ്ങഴും തുടങ്ങിയിട്ടുണ്ട്. ബീഹാറിലും സ്ത്രീകള്‍ വിശ്വസിച്ചത് കോവിഡ് രോഗം കൊറോണാ ദേവിയുടെ കോപമാണെന്നായിരുന്നു. ബീഹാറിലെ നളന്ദ, ഗോപാല്‍ഗഞ്ച്, സാരന്‍, വൈശാലി, മുസാഫര്‍പൂര്‍, എന്നിവിങ്ങളില്‍ സ്ത്രീകള്‍ നദിയില്‍ മുങ്ങി നിവര്‍ന്ന് ഈറനോടെയാണ് പൂജ നടത്തിയത്. അതേസമയം ഇവരെല്ലാം സാമൂഹ്യാകലം പാലിച്ചായിരുന്നു പൂജ നടത്തിയത്.


ഗോപാല്‍ ഗഞ്ചിലെ ഫുല്‍വാരിയ ഘട്ടില്‍ ഏഴു കുഴികള്‍ കുത്തിയ ശേഷം അവയില്‍ ശര്‍ക്കര കുഴമ്പ് ഒഴിച്ച് അതില്‍ ഏഴു ഗ്രാമ്പൂ, മഞ്ഞള്‍, പൂക്കള്‍, ഏഴു ലഡ്ഡു എന്നിവ വെച്ചായിരുന്നു കൊറോണാ ദേവിയെ പൂജിച്ചത്. മുസാഫര്‍പൂരിലെ ബ്രഹ്മപുത്രയിലെ സര്‍വേശ്വര്‍നാഥ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ പൂജ നടത്തി. ബക്‌സര്‍ ജില്ലയിലും കൊറോണാ പൂജ നടത്തി. ഗംഗാ തീരത്ത് കുഴികള്‍ കുത്തിയായിരുന്നു പ്രാര്‍ത്ഥന. ഏഴു കുഴികളില്‍ വിളക്കുകള്‍ കത്തിച്ച് ശര്‍ക്കരപാനി ഒഴിച്ച് അതില്‍ ലഡ്ഡുവും പൂക്കളും ഇട്ട് മൂടിയായിരുന്നു ഇവിടെ പൂജ.
Share this News Now:
  • Google+
Like(s): 2.6K