11 June, 2020 07:43:56 PM


സൗദിയില്‍ പൈപ്പിനകത്ത് കുടുങ്ങി 6 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം



 
റിയാദ് : ദക്ഷിണ റിയാദിലെ അസീസിയ ഡിസ്ട്രിക്ടില്‍ പൈപ്പിനകത്ത് കുടുങ്ങി ആറു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. ജലപദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പൈപ്പിനകത്താണ് ദുരന്തം. 400 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വ്യാസവുമുള്ള പൈപ്പിനകത്ത് ആറു തൊഴിലാളികളെ കാണാതായതായി ബുധനാഴ്ച രാത്രി ഒമ്പതരക്കാണ് സിവില്‍ ഡിഫന്‍സില്‍ വിവരം ലഭിച്ചതെന്ന് റിയാദ് പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് ലെഫ്. കേണല്‍ മുഹമ്മദ് അല്‍ഹമാദി പറഞ്ഞു.


പദ്ധതി നടപ്പാക്കുന്ന കമ്പനിക്കു കീഴിലെ തൊഴിലാളികളെയാണ് കാണാതായത്. പൈപ്പിനകത്ത് ജോലിയിലേര്‍പ്പെട്ട തൊഴിലാളികള്‍ക്ക് പുറത്തുകടക്കാന്‍ കഴിയാതെയാവുകയായിരുന്നു. പുറത്തുള്ള സഹപ്രവര്‍ത്തകരുമായി ബന്ധപ്പെടാനും ഇവര്‍ക്ക് സാധിച്ചില്ല. സിവില്‍ ഡിഫന്‍സ് അധികൃതര്‍ നടത്തിയ തിരച്ചിലില്‍ പൈപ്പിനകത്ത് 360 മീറ്റര്‍ ദൂരെ ബോധരഹിതരായി കിടക്കുന്ന നിലയില്‍ ആറു പേരെയും കണ്ടെത്തി.


തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് പൈപ്പില്‍ ദ്വാരങ്ങളുണ്ടാക്കി ആറു പേരെയും സിവില്‍ ഡിഫന്‍സ് പുറത്തെടുത്തു. സംഭവസ്ഥലത്തുണ്ടായിരുന്ന മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആറു പേരുടേയും മരണം സ്ഥിരീകരിച്ചു.   അപകടത്തിന്റെ കാരണം നിര്‍ണയിക്കാന്‍ അന്വേഷണം നടക്കുകയാണെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K