10 June, 2020 04:39:57 PM


അഞ്ചാം ക്ലാസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ; അധ്യാപകന് സസ്പെൻഷൻ



കൊല്ലം: കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ വന്ന സംഭവത്തിൽ അധ്യാപകനെതിരെ നടപടി. സംഭവം അതീവ ഗൗരവമെന്ന് ചൂണ്ടിക്കാട്ടി സ്കൂൾ മാനേജ്മെന്‍റ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. എ ഇ ഒയുടെ റിപ്പോർട്ട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. അധ്യാപകനെതിരെ വകുപ്പുതല നടപടിയുമുണ്ടായേക്കും. മാനേജ്മെന്‍റ് നടപടിയും വിവരങ്ങളും ചേർത്താണ് എ ഇ ഒയുടെ റിപ്പോർട്ട്.


ഫോൺ സുഹൃത്തിന്‍റെ കൈയിലിരിക്കെ അശ്ലീല വീഡിയോ ഫോർവേഡ് ആയതെന്നായിരുന്നു അധ്യാപകന്‍റെ വിശദീകരണം. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന നിലപാട് മാനേജ്മെന്‍റ് സ്വീകരിക്കുകയായിരുന്നു. സംഭവം നിസ്സാരമായി കാണാൻ കഴിയില്ലെന്ന് പറഞ്ഞ രക്ഷിതാക്കളും അധ്യാപകനെതിരെ നടപടി വേണമെന്ന ആവശ്യമുയർത്തി. ഫോൺ തന്‍റെ സുഹൃത്തിന്‍റെ കൈവശമായിരുന്നു. ഈ സമയം ഫോണിലേക്ക് വന്ന അശ്ശീല വീഡിയോ സുഹൃത്തിന്‍റെ കൈയബദ്ധം കാരണം കുട്ടികളുടെ ഗ്രൂപ്പിലേക്ക് പോവുകയായിരുന്നു - ഇതായിരുന്നു അധ്യാപകൻ സ്കൂളിലെ പ്രധാന അദ്ധ്യാപികയ്ക്ക് നൽകിയ വിശദീകരണം.


കുട്ടികളും രക്ഷിതാക്കളും അധ്യാപകര്യമുള്ള ഗ്രൂപ്പിലാണ് വീഡിയോ എത്തിയത്. അശ്ലീല വീഡിയോ ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ ഉടൻ തന്നെ സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ടു. പിന്നീട് വീഡിയോ ഡിലീറ്റ് ചെയ്തെങ്കിലും അധ്യാപകനെതിരെ നടപടി വേണമെന്ന നിലപാടിൽ രക്ഷിതാക്കൾ ഉറച്ചു നിന്നു. പ്രതിഷേധത്തെ തുടർന്ന് സ്കൂൾ അധികൃതർ എഇഒയ്ക്കും പോലീസിലും പരാതി നൽകുകയായിരുന്നു.  അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെ എസ് യു പ്രവർത്തകർ എ ഇഒ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K