07 June, 2020 07:38:22 PM


ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വീണ്ടും പ്രവേശനം: നിയന്ത്രണങ്ങള്‍ അറിയാം



ഏറ്റുമാനൂര്‍: ലോക്ഡൌണില്‍ ഇളവുകള്‍ വരുത്തിയതോടെ ആരാധാനാലയങ്ങളില്‍ ജൂണ്‍ 9 മുതല്‍ പ്രവേശനമാകാം എന്നത് മുന്‍നിര്‍ത്തി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലും ഒരുക്കങ്ങള്‍ ആരംഭിച്ചു. കര്‍ശനനിയന്ത്രണങ്ങളോടെയാകും ദര്‍ശനത്തിന് സൌകര്യമൊരുക്കുക. രാവിലെ 4ന് നടതുറക്കുമെങ്കിലും ഭക്തര്‍ക്കുള്ള പ്രവേശനം എപ്പോള്‍ എന്നതിനെകുറിച്ച് ഇനിയും അന്തിമതീരുമാനമായില്ല. അവസാനവട്ടചര്‍ച്ചകള്‍ക്കുശേഷം ദേവസ്വം ബോര്‍ഡില്‍ നിന്ന് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തിങ്കളാഴ്ച എത്തുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരിബാബു പറഞ്ഞു.


ക്ഷേത്രത്തില്‍ ഭക്തര്‍ക്കുള്ള പ്രധാന നിയന്ത്രണങ്ങള്‍ ഇങ്ങനെ.


#    പടിഞ്ഞാറെനടയിലും കിഴക്കേനടയിലും കൈകാലുകള്‍ കഴുകാനുള്ള സംവിധാനമുണ്ടാകും. സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ ശുചീകരിച്ചശേഷമേ അകത്ത പ്രവേശിക്കാവു.

#    മാസ്ക് ധരിക്കാത്തവരെ ഉള്ളില്‍ പ്രവേശിപ്പിക്കില്ല.

#    ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കും മുമ്പ് രജിസ്റ്ററില്‍ പേരും വിലാസവും മറ്റും രേഖപ്പെടുത്തണം.

#    പത്ത് പേര്‍ക്ക് മാത്രമാണ് ഒരേ സമയം ഉള്ളില്‍ പ്രവേശിക്കാനനുമതിയുള്ളത്.

#    സാമൂഹികഅകലം പാലിക്കണം. ഇതിനായി കൃത്യമായ അകലത്തില്‍ വരിനില്‍ക്കാനുള്ള മാര്‍ക്കുണ്ടാകും.

#    പടിഞ്ഞാറെ നടയില്‍ കൊടിമരചുവട്ടിലൂടെ അകത്ത് പ്രവേശിച്ച് കിഴക്കേനടയിലൂടെ പുറത്തിറങ്ങണം. തുടര്‍ന്ന് ക്ഷേത്രത്തിന് പ്രദക്ഷിണം ചെയ്ത് കൃഷ്ണന്‍ കോവിലില്‍ എത്താം.

#    കൃഷ്ണന്‍കോവിലിന്‍റെ കിഴക്കേനടയിലൂടെ ഉള്ളില്‍ പ്രവേശിച്ച് ഗണപതി കോവിലിനുമുന്നിലെ വടക്കേവാതിലിലൂടെ ക്ഷേത്രമൈതാനത്ത് എത്തി മടങ്ങണം.

#    വഴിപാടുകള്‍ നടത്തുന്നത് കോവിഡ് വ്യാപനം തടയുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം.

#    ക്ഷേത്രത്തിനുള്ളിലോ പരിസരിത്തോ കൂട്ടംകൂടിനില്‍ക്കുന്നത് ഒഴിവാക്കണം. ദര്‍ശനത്തിനുശേഷം ക്ഷേത്രത്തിനുള്ളില്‍ തങ്ങാന്‍ അനുവദിക്കില്ല.


നിര്‍മ്മാല്യദര്‍ശനത്തോടുകൂടി ക്ഷേത്രചടങ്ങുകള്‍ പതിവുപോലെ ആരംഭിക്കുമെങ്കിലും ഭക്തര്‍ക്ക് നിര്‍ദ്ദിഷ്ടസമയങ്ങളില്‍ മാത്രമേ അകത്ത് പ്രവേശിക്കാനാവു. ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്ചയുണ്ടാവും. ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍നിന്നും വിഭിന്നമായി രാവിലെ നാല് പൂജകളും രണ്ട് ശ്രീബലികളുമാണ് 12 മണിക്ക് നട അടക്കും വരെ ക്ഷേത്രത്തില്‍ നടക്കേണ്ടത്. ഇതിനിടെ ഭക്തരെ ഉള്ളില്‍ കയറ്റിയിറക്കുന്നതിലെ സാങ്കേതികബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലെ രീതി അവലംബിക്കണമോ എന്നതും പരിഗണനയിലുണ്ട്.  9.30ന് മുമ്പ് പൂജകളെല്ലാം തീര്‍ത്തശേഷമാണ് ഇപ്പോള്‍ ഗുരുവായൂരില്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുന്നത്.



ഭക്തര്‍ എത്തുന്നതിനുമുന്നോടിയായി ക്ഷേത്രത്തിലും പരിസരങ്ങളിലും ശുചികരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വലിയ ബലിക്കല്‍പുര, പ്രധാനകവാടം, ക്ഷേത്രമുറ്റം, പ്രദക്ഷിണവഴി, കൊടിമരചുവട് തുടങ്ങി ഭക്തര്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ഭക്തരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള തെര്‍മ്മല്‍ സ്‌കാനര്‍ ഇതുവരെ ക്ഷേത്രത്തിലെത്തിയിട്ടില്ല. ഇന്ന് വന്നില്ലെങ്കില്‍ പുതിയ ഒരെണ്ണം വാങ്ങുമെന്നും കര്‍ശനനിയന്ത്രണങ്ങള്‍ പാലിച്ചുതന്നെയാകും ദര്‍ശനം അനുവദിക്കുകയെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരിബാബു പറഞ്ഞു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K